ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍ കയറിയ പെരുമ്പാമ്പിനെ മണിക്കൂറുകള്‍നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ പിടികൂടി.റായ്ബറേലിയിലാണ് സംഭവം. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബസിലാണ് അപ്രതീക്ഷിത അതിഥി കയറിപ്പറ്റിയത്.ക്ലാസില്ലാത്തതിനാല്‍ ഡ്രൈവറുടെ ഗ്രാമത്തിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. ഇതിനിടയില്‍ ബസിനുള്ളിലേക്ക് പെരുമ്പാമ്പ് കയറിപ്പോകുന്നത് ഗ്രാമവാസികളില്‍ ചിലര്‍ കണ്ടു.
സമീപത്തു മേയാന്‍ വിട്ടിരുന്ന ആട്ടിന്‍കുഞ്ഞിനെ അകത്താക്കിയശേഷമായിരുന്നു ”നുഴഞ്ഞുകയറ്റം”. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ അതിഥിയെ വലിച്ചിറക്കല്‍ ദൗത്യം ആരംഭിച്ചു. സീറ്റിനടിയില്‍ കയറിയ പാമ്പിനെ ഏറെ ബുദ്ധിമുട്ടിയാണു സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്. പാമ്പ് ബസില്‍ കയറിയത് അവധിദിനത്തിലായത് വലിയ ദുരന്തം ഒഴിവാക്കിയതിന്റെ ആശ്വാസത്തിലാണ് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും.

