മധ്യപ്രദേശില്‍ എം.ബി.ബി.എസ്. പഠനം ഹിന്ദിയില്‍; പുസ്തകങ്ങള്‍ പുറത്തിറക്കി

ഭോപ്പാല്‍: രാജ്യത്ത് ആദ്യമായി എം.ബി.ബി.എസ്. കോഴ്സിനുള്ള പുസ്തകങ്ങള്‍ ഹിന്ദി ഭാഷയില്‍ പുറത്തിറക്കി മധ്യപ്രദേശ്. ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഹിന്ദി പതിപ്പുകള്‍ പ്രകാശനം ചെയ്തത്.എം.ബി.ബി.എസ്. കോഴ്സ് ഹിന്ദിയില്‍ പഠിപ്പിക്കുന്ന ആദ്യ സംസ്ഥാനമാകും മധ്യപ്രദേശ്. തുടക്കത്തില്‍ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയാകും ഹിന്ദിയില്‍ പഠിപ്പിക്കുക. ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളജില്‍, 97 വിദഗ്ധര്‍ 232 ദിവസമെടുത്താണ് പുസ്തകങ്ങള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരങ് എന്നിവരും പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് അമിത് ഷാ പാവപ്പെട്ട കുട്ടികളുടെ ജീവിതത്തില്‍ ഒരു പുതിയ പ്രഭാതം കൊണ്ടുവന്നിരിക്കുന്നു. എം.ബി.ബി.എസിന് പ്രവേശനം ലഭിക്കുകയും ഇംഗ്ലീഷിന്റെ വലയില്‍പ്പെട്ട് പലപ്പോഴും വിജയിക്കാന്‍ കഴിയാതെ പഠനം അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരുന്നവര്‍ക്ക് ഇതു നേട്ടമാകും.-ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.വൈദ്യപഠനം ഹിന്ദിയില്‍ സാധ്യമാകുമെങ്കില്‍ ഏതു കോഴ്സും ഹിന്ദിയില്‍ പഠിക്കാമെന്നും യുവാക്കളുടെ, പ്രത്യേകിച്ച് ഹിന്ദി പശ്ചാത്തലത്തില്‍നിന്നുള്ളവരുടെ ജീവിതത്തില്‍ ഇത് വലിയ മാറ്റം കൊണ്ടുവരുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരങ് പറഞ്ഞു.
അതേസമയം, ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കുന്നതാണു നടപടിയെന്ന വ്യാഖ്യാനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഹിന്ദി വിനിമയഭാഷയാക്കാനുള്ള പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശയും മധ്യപ്രദേശിലെ നീക്കവും തമ്മില്‍ ചേര്‍ത്തുവായിക്കണമെന്നാണു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അപ്രായോഗികമായ നീക്കം വിഭജന സ്വഭാവം പേറുന്നതാണെന്നം ഇതു രാജ്യത്തിന്റെ ബഹുസ്വരതയ്ക്കു ഭീഷണിയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒറ്റ രാജ്യമെന്ന ലക്ഷ്യം മറയാക്കി ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →