മലയാള പുസ്തക പ്രസാധന മേഖലയിലെ അഭിമാന സ്തംഭമായിരുന്ന എൻ.ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു

കോഴിക്കോട്: ടൂറിങ് ബുക്ക്‌സ്റ്റാൾ (ടി.ബി.എസ്) ഉടമ എൻ.ഇ ബാലകൃഷ്ണമാരാർ (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2022 ഒക്ടോബർ 14 വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം. പൂർണ പബ്ലിക്കേഷൻസിന്റെ ഉടമ കൂടിയായ ബാലകൃഷ്ണമാരാർ മലയാള പുസ്തക പ്രസാധന മേഖലയിലെ അഭിമാന സ്തംഭമായിരുന്നു. 1932ൽ കണ്ണൂർ ജില്ലയിൽ തൃശിലേരി മീത്തലെ വീട്ടിൽ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലിൽ എടവലത്തു തറവാട്ടിൽ മാരസ്യാരുടെയും മകനായാണ് ജനനം.

ഒന്നര വയസ്സുള്ളപ്പോൾ തന്നെ അച്ഛൻ മരിച്ചു. പിന്നീട് ഉപജീവനത്തിനായി കോഴിക്കോട്ടെത്തി. വീട്ടിലെ ദാരിദ്ര് ദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാർ കോഴിക്കോട്ടെത്തിയത്. രാവിലെ പത്രവിൽപ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവിൽപ്പനയുമായി എല്ലായിടത്തുമെത്തി. ഇടയ്ക്ക് തഞ്ചാവൂരിലെ ഹോട്ടലിൽ സപ്ലയറായും പെട്ടിക്കടക്കാരനായും ജീവിതവേഷം മാറി. വീണ്ടും കോഴിക്കോട്ടെത്തി കാൽനടയായി പുസ്തകവിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഒരു സൈക്കിൾ സ്വന്തമാക്കിയത്. അമ്മയുടെ കമ്മൽ പണയംവെച്ച് കിട്ടിയ അറുപതു രൂപയ്ക്ക് വാങ്ങിയ സൈക്കിളിൽ കോഴിക്കോടിന്റെ ഓരോ മുക്കിലുംമൂലയിലുമെത്തിയായിരുന്നു പുസ്തക വിൽപ്പന.

കാൽനടയിൽനിന്ന് സൈക്കിളിലേക്കും പത്ര, പുസ്തക വിൽപ്പനയിൽ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളർന്നു. 1958ൽ മിഠായിത്തെരുവിൽ ഒറ്റമുറി കടയിൽ ടി.ബി.എസ് പുസ്തകശാലയ്ക്ക് തുടക്കംകുറിച്ചു. 1966ൽ പുർണ പബ്ലിക്കേഷൻസിനും തുടക്കമിട്ടു. 1988ൽ ടിബിഎസ് മുതലക്കുളത്ത് ഇപ്പോഴുള്ള കെട്ടിടത്തിലേക്കും മാറി. പുസ്തകപ്രസാധനത്തിൽ അനന്യമായൊരിടം നേടിയ ബാലകൃഷ്ണമാരാരുടെ ജീവിതത്തിന്റെ പര്യായമായിരുന്നു ടി.ബി.എസ് ബുക്സ്റ്റാൾ അഥവാ സഞ്ചരിക്കുന്ന പുസ്തകശാല.

അക്ഷരങ്ങൾ അറിയുന്നവരെ അന്വേഷിച്ചുകൊണ്ടുള്ള യാത്രയിൽ തെക്ക് ഫാറൂഖ് കോളേജ് വരെയും കിഴക്ക് മാവൂർവരെയും വടക്ക് കൊയിലാണ്ടിവരെയും സൈക്കിൾ ചവിട്ടിയിരുന്നുവെന്ന് ‘കണ്ണീരിന്റെ മാധുര്യം’ എന്ന ആത്മകഥയിൽ മാരാർ രേഖപ്പെടുത്തിയിരുന്നത്. ടി.ബി.എസ് ബുക്സ്റ്റാൾ, പൂർണ പബ്ലിക്കേഷൻസ് എന്നീ സ്ഥാപനങ്ങൾ ലോകമെങ്ങുമുള്ള മലയാളികളിലേക്ക് വളർന്നപ്പോഴും ലാളിത്യവും എളിമയും വിടാതെ, നറുചിരിയോടെ എല്ലാവരോടും സമഭാവനയോടെ ഇടപെട്ട വ്യക്തിയായിരുന്നു അദ്ദേഹം.

ഭാര്യ: സരോജം. മക്കൾ: എൻഇ മനോഹർ, ഡോ അനിത. മരുമക്കൾ: പ്രിയ, ഡോ. സേതുമാധവൻ. സംസ്‌ക്കാരം 2022 ഒക്ടോബർ 15 ശനിയാഴ്ച വൈകീട്ട് മൂന്നിന് മാവൂർറോഡ് ശ്മശാനത്തിൽ നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →