വിദ്യാലയങ്ങളിൽ ‘ഹരിത വിദ്യാലയം’ പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ അങ്കണവാടി മുതൽ കോളേജ്തലം പദ്ധതി നടപ്പിലാക്കും

വിദ്യാലയങ്ങളിൽ പ്രകൃതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത വിദ്യാലയം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ. നഗരസഭാ പരിധിയിലെ അങ്കണവാടി മുതൽ കോളേജ്തലം വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

വളർന്നുവരുന്ന കുഞ്ഞുങ്ങൾ പ്രകൃതി, മണ്ണ്, മരങ്ങൾ എന്നിവയെ അടുത്തറിയുക എന്ന  ഉദ്ദേശത്തോടെയാണ് അങ്കണവാടി തലം മുതൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി നഗരസഭ പരിധിയിലെ അങ്കണവാടികൾക്കും  പ്രൈമറി വിദ്യാലയങ്ങൾക്കും  ഫല വൃക്ഷത്തൈകൾ വിതരണം ചെയ്യും.

ഹൈസ്കൂൾതലം മുതൽ മാലിന്യ നിർമാർജനത്തിനാണ് പദ്ധതി വഴി പ്രാധാന്യം നൽകുന്നത്. ജൈവമാലിന്യങ്ങള്‍ അജൈവമാലിന്യങ്ങള്‍ തുടങ്ങിയവ തരം തിരിച്ച് ശേഖരിക്കുക, പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ വൃത്തിയായി അടുക്കി സൂക്ഷിച്ച് അത് ഹരിത കർമ്മ സേനയ്ക്ക് കൈമാറുക, വിദ്യാലയവും പരിസരവും മാലിന്യമുക്തവും പ്ലാസ്റ്റിക് രഹിതവും ഹരിതാഭവവും ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാണ്  ഉദ്ദേശിക്കുന്നത്. ഇതിലൂടെ മാലിന്യം വലിച്ചെറിയേണ്ടതല്ല മറിച്ച് സൂക്ഷിച്ചുവച്ച് കൈമാറേണ്ടതാണ് എന്ന ചിന്ത വിദ്യാർത്ഥികളിൽ രൂപപ്പെടും. നഗരസഭയും ഹരിത കർമ്മ സേന പ്രവർത്തകരും എൻ.എസ്.എസ് യൂണിറ്റും സഹകരിച്ചാണ് വിദ്യാലയങ്ങളിൽ മാലിന്യനിർമാർജനത്തിന് നേതൃത്വം നൽകുന്നത്. 

വിദ്യാലയങ്ങളിൽ ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കൾ നിശ്ചിത ദിവസങ്ങളിൽ ഹരിത കർമ്മ സേനയ്ക്ക് കൈമാറും. ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ പ്ലാൻ്റ് നിർമ്മിച്ച് നൽകും. മൂവാറ്റുപുഴ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ പ്രാഥമിക ഘട്ടത്തിൽ ആരംഭിച്ച പദ്ധതി ഒരു വർഷം കൊണ്ട് നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്‌.

ഇന്നത്തെ കുട്ടികൾ മൊബൈൽ ഫോണിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. മൊബൈലിലാണ് കുട്ടികൾ മണ്ണ്, മരങ്ങൾ, ഫലങ്ങൾ തുടങ്ങിയവ എല്ലാം അറിയുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി കുട്ടികൾ തന്നെ കൈകൊണ്ട് തൊടുകയും, പറിക്കുകയും, അതിൻ്റ രുചി അവർ അറിയുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് നഗരസഭ പരിധിയിൽ ഹരിത വിദ്യാലയം പദ്ധതി നടപ്പിലാക്കുന്നത് എന്ന് നഗരസഭ ചെയർമാൻ പി.പി എൽദോസ് പറഞ്ഞു. കുട്ടികൾക്ക് മണ്ണും മരങ്ങളുമായി ബന്ധം ഉണ്ടാക്കുക, മാലിന്യ നിർമാർജനത്തിന്റെ ശീലം കുട്ടികളിൽ വളർത്തിയെടുക്കുക, മാലിന്യം വലിച്ചെറിയേണ്ടതല്ല എന്ന ബോധം വരുംതലമുറയെ പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും പദ്ധതി വഴി വിദ്യാലയങ്ങളിൽ നടപ്പിലാക്കുമെന്നും ചെയർമാൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →