ടൂറിസ്റ്റ് ബസ്സിൽ നിയമലംഘനം; പോകുന്നതിന് തൊട്ടുമുമ്പെത്തി, വിദ്യാർത്ഥികളുടെ യാത്ര തടഞ്ഞ് മോട്ടോർവാഹന വകുപ്പ്

പാലക്കാട്: ടൂറിസ്റ്റ് ബസ്സിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്.  ബ്രണ്ണൻ കോളജിലെ ബിബിഎ വിദ്യാർത്ഥികളുടെ ചിക്കമംഗളുരു യാത്രയാണ് മോട്ടോർ വാഹന വകുപ്പ്  തടഞ്ഞത്. കോഴിക്കോട് നിന്നെത്തിയതാണ് ബസ്സ്. കണ്ണൂരിലെ ടൂറിസ്റ്റ് ബസ്സുകാരുടെ സംഘടന അറിയിച്ചതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുകയായിരുന്നു. വിദ്യാർത്ഥികളെ കയറ്റുന്നതിന് തൊട്ടു മുൻപാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി യാത്ര തടഞ്ഞത്.

സംസ്ഥാനത്ത് വാഹന പരിശോധന കർശനമായി തുടരുമെന്ന് ടൂറിസ്റ്റ് ബസ് ഉടമകളോട് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചതിന് പിന്നാലെയാണ് നടപടി. വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്നും കളർകോഡ‍് പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. പെയിന്റ് മാറ്റുന്നതിന് സമയം അനുവദിക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. നിയമലംഘനത്തിനെതിരെയുള്ള നടപടികൾ കർശനമാക്കി പുതിയ ഗതാഗത സംസ്കാരം സൃഷ്ടിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. 

ഈ തീരുമാനം എല്ലാ വാഹനങ്ങൾക്കും ബാധകമായിരിക്കും. 19 കെഎസ്ആർടിസി ബസ്സുകൾക്ക് എതിരെ നടപടിയെടുത്തു. വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. 2022 ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 75,7300  രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. 108 ​ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്തു. നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കി.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →