ന്യൂഡല്‍ഹി: പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്ത് വന്‍ ലഹരിക്കടത്ത്. യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് കമ്പനി ഡയറ്കടറായ മലയാളി വിജിന് വര്‍ഗീസാണ് മുംബൈയില്‍ പിടിയിലായത്. ഡി ആര് ഐ അധികൃതര്‍ ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കാലടി സ്വദേശിയാണ് ഇയാള്‍.വെള്ളിയാഴ്ച 1470 കോടി രൂപയുടെ മയക്ക് മരുന്നുമായി ഒരു ട്രക്ക് പിടികൂടിയിരുന്നു. 198 കിലോ മെത്തും ഒന്‍പത് കിലോ കൊക്കെയ്നുമാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്ന വ്യാജേനയാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്.
വിജിന് ഉടമയായ കമ്പനിയുടെ പേരിലാണ് ലഹരിമരുന്നുകള്‍ എത്തിയത്. തുടര്‍ന്ന് ഇയാളെ ഡി ആര് ഐ കസ്റ്റഡിയില്‍ എടുക്കുകയായിരന്നു.ഇയാളുടെ കൂട്ടുാളി മന്‍സൂര്‍ തച്ചാംപറമ്പിലിനെ കണ്ടെത്താനായി ഡി ആര് ഐ സംഘം തിരച്ചില്‍ നടത്തുകയാണ്. മോര് ഫ്രഷ് എക്സ്പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍. ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണ് വീതം വെച്ചിരുന്നതെന്ന് ഡി ആര് ഐ അധികൃതര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ എറണാകുളം കാലടിയിലെ ഇയാളുടെ സ്ഥാപനത്തില്‍ റവന്യൂ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പഴം ഇറക്കുമതി സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സ്ഥാപനത്തിന്റെ ഇറക്കുമതി ഇടപാടുകള്‍ പരിശോധിച്ച് വരികയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഇവര്‍ ഇറക്കുമതി നടത്തിയിരുന്നത്. ഇതിന്റെ മറവില്‍ ലഹരിക്കടത്ത് നടന്നോ എന്നാണ് പരിശോധിക്കുന്നത്.

