ചാവക്കാട്: ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ഒമ്പത് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.എടക്കഴിയൂർ നാലാംകല്ല് സ്വദേശികളായ തൈപ്പറമ്പിൽ മുബിൻ(26), പുളിക്കവീട്ടിൽ നസീർ(32) എന്നിവരെയാണ് ശിക്ഷിച്ചത്.
2018 ഏപ്രിൽ 26-ന് ഉച്ചയ്ക്ക് 2.15-നാണ് കേസിനാസ്പദമായ സംഭവം. ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ എടക്കഴിയൂർ നാലാംകല്ല് കറുപ്പംവീട്ടിൽ ഹനീഫയുടെ മകൻ ബിലാൽ(18), പണിച്ചാംകുളങ്ങര അഷ്റഫിന്റെ മകൻ സാദിഖ്(23) മനയത്ത് അബൂബക്കറിന്റെ മകൻ നഹാസ്(21) എന്നിവർ ചാലിൽ കരീമിന്റെ പറമ്പിൽ സംസാരിക്കെ ഒന്നാംപ്രതി മുബിനും രണ്ടാംപ്രതി ഷാഫിയും മൂന്നാംപ്രതി നസീറും വാളും ഇരുമ്പുപൈപ്പുമായി ബൈക്കിലെത്തി ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് കേസ്.
ബിലാലും മൂന്നാംപ്രതിയായ നസീറുമായി മുമ്പ് വാക്കുതർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിലാൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് പ്രതികൾ ആക്രമണം നടത്തിയത്.ഇരുമ്പ് പൈപ്പുകൊണ്ട് ബിലാലിന്റെ കാലിൽ അടിച്ചുവീഴ്ത്തി. വീണ്ടും അടിച്ചപ്പോൾ തടുത്ത് ബിലാൽ ഓടാൻ ശ്രമിച്ചപ്പോൾ മുബീൻ വാളുകൊണ്ട് ബിലാലിന്റെ വലതു കാൽമുട്ടിലും ഇടതുകാലിന്റെ തുടയിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടി.
ബഹളം കേട്ട് ഓടിക്കൂടിയവരെ പ്രതികൾ വാൾവീശി വിരട്ടിയോടിച്ച് ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.കേസിലെ രണ്ടാംപ്രതി ഷാഫി ഒളിവിലാണ്. ഒന്നാംപ്രതി മുബിൻ പുന്ന നൗഷാദ് കൊലക്കേസിലെ ഒന്നാംപ്രതിയാണ്.പിഴസംഖ്യ മുഴുവൻ പരിക്കുപറ്റിയ ബിലാലിന് നൽകണമെന്നും വിധിയിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി

