ശ്രീനഗർ: ജമ്മു കശ്മീർ ജയിൽ ഡി.ജി.പി. ഹേമന്ത് കുമാർ ലോഹിയയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. ലോഹിയയുടെ വീട്ടുജോലിക്കാരനും രാംബാൺ സ്വദേശിയുമായ യാസിർ അഹമ്മദിനെയാണ് പോലീസ് പിടികൂടിയത്. 2022 ഒകിടോബർ 3 തിങ്കളാഴ്ച രാത്രിയാണ് ലോഹിയ കൊല്ലപ്പെട്ടത്. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ലോഹിയയുടെ മൃതദേഹം. മാത്രമല്ല, ശരീരത്തിൽ പൊള്ളലേറ്റിട്ടുമുണ്ടായിരുന്നു.
സ്വന്തംവീട്ടിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ, ജമ്മുവിലെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു ലോഹിയയും കുടുംബവും താമസിച്ചിരുന്നത്. ഓഗസ്റ്റിലാണ് ജമ്മു കശ്മീർ ജയിൽ ഡി.ജി.പിയായി ലോഹിയ നിയമിതനായത്. ആറുമാസം മുൻപാണ് ലോഹിയയുടെ വീട്ടിൽ യാസിർ ജോലിക്കു ചേർന്നത്. കൊലപാതകത്തിന് പിന്നാലെ യാസിർ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കാനായത്. യാസിറിന്റെ ഫോട്ടോയും പോലീസ് പുറത്തുവിട്ടിരുന്നു.
യാസിർ കടുത്ത വിഷാദത്തിന് അടിമയായിരുന്നെന്ന് ജമ്മു പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുകേഷ് സിങ് പറഞ്ഞു. നീരുവെച്ച പാദത്തിൽ എണ്ണ പുരട്ടുന്നതിനിടെയാണ് ലോഹിയയെ യാസിർ ആക്രമിച്ചതെന്നാണ് വിവരം. ലോഹിയയെ ശ്വാസം മുട്ടിക്കുകയും പിന്നീട് പൊട്ടിയ കെച്ച് അപ്പ് കുപ്പികൊണ്ട് കഴുത്തറുക്കാനും ശ്രമമുണ്ടായി. പിന്നീട് ദേഹം കത്തിക്കാനും ശ്രമിച്ചതായി മുകേഷ് സിങ് കൂട്ടിച്ചേർത്തു.
തീനാളങ്ങൾ കണ്ടതിന് പിന്നാലെയാണ് സുരക്ഷാജീവനക്കാർ ലോഹിയയുടെ മുറിയുടെ വാതിൽ തകർത്ത് ഉള്ളിൽക്കയറിയത്. മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. യാസിറിന്റെ സ്വകാര്യ ഡയറി ഉൾപ്പെടെയുള്ളവ ശേഖരിച്ചിട്ടുണ്ടെന്നും മുകേഷ് സിങ് പറഞ്ഞു.
അതേസമയം ലോഹിയയുടെ കൊലപാതകത്തിൽ ഇതുവരെ തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ല. നേരത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കർ ഇ തൊയ്ബയുടെ ഇന്ത്യൻ ശാഖയായ പി.എ.എഫ്.എഫ്. രംഗത്തെത്തിയിരുന്നു

