ഇന്ത്യയുടെ അഭിമാനം മംഗൾയാൻ വിട പറയുന്നു

ബംഗളൂരു: ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യമായ മംഗൾയാന്റെ ഇന്ധനം തീർന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മംഗൾയാന് പ്രവർത്തിക്കാൻ ആവശ്യമായ പ്രൊപ്പല്ലന്റിന്റെ സുരക്ഷിത പരിധി അവസാനിച്ചെന്നും അതിനാൽ പേടകം പ്രവർത്തനം അവസാനിപ്പിക്കാൻ പോവുകയാണെന്നുമാണ് റിപ്പോർട്ടുകൾ. മംഗൾയാൻ വിക്ഷേപിച്ചതിന് ശേഷമാണ് ചൊവ്വ ദൗത്യം വിജയകരമാക്കിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയത്. 

ഇന്ത്യൻ ബരിഹാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയുടെ ഏറ്റവും വലിയ നേട്ടമായിരുന്നു മംഗൾയാൻ. 2013 നവംബർ അഞ്ചിനാണ് 450 കോടി ചെലവിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യം മംഗൾയാൻ വിക്ഷേപിക്കപ്പെട്ടത്. പിഎസ്എൽവി സി-25 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2014 സെപ്തംബർ 24ന് ആദ്യ ശ്രമത്തിൽ തന്നെ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയിരുന്നു. 

‘ഇപ്പോൾ മംഗൾയാൻ പേടകത്തിൽ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂർണ്ണമായും തീർന്നു. ഇതോടെ മംഗൾയാനുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടമായി’ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന വൃത്തങ്ങൾ പിടിഐയോട് പറഞ്ഞത് ഇങ്ങനെയാണ്. അതേസമയം ഐഎസ്ആർഒയുടെ ദൗത്യം പൂർണ്ണമായും നഷ്ടമായോ എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 

ആറ് മാസത്തെ ദൗത്യത്തിനായാണ് മംഗൾയാനെ വിക്ഷേപിച്ചത്. എട്ട് വർഷം പിന്നിട്ടും മംഗൾയാൻ ദൗത്യം തുടർന്നു. അവസാന ശ്വാസം വരെ ചുവന്ന ഗ്രഹത്തിന് ചുറ്റും പ്രദക്ഷിണം ചെയ്തു.  ചൊവ്വയുമായി അടുത്തു നിൽക്കുന്ന ചിത്രങ്ങളെടുത്തു. ചൊവ്വയുടെ ഡിസ്‌ക് മാപ്പ് നിർമ്മിക്കാൻ ഐഎസ്‌ഐർഒ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ചൊവ്വയുടെ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ മംഗൾയാൻ ഭ്രമണം ചെയ്തപ്പോഴാണ് ചൊവ്വയുടെ ഉപഗ്രഹമായ ഡീമോസിന്റെ ചിത്രം പകർത്തിയത്. ഇതിന് മുൻപ് ആരും ഡിമോസിന്റെ ചിത്രം കണ്ടിട്ടില്ല. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →