ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മാഞ്ചസ്റ്റര്‍ സിറ്റി വീഴ്ത്തി. സ്വന്തം തട്ടകമായ എതിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6-3 നാണു സിറ്റി ജയിച്ചത്. സിറ്റിക്കു വേണ്ടി ഏര്‍ലിങ് ഹാളണ്ടും ഫില്‍ ഫോഡനും ഹാട്രിക്കടിച്ചു. യുണൈറ്റഡിനു വേണ്ടി ആന്റണി മാര്‍ഷ്യല്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ആന്റണിയുടെ വകയായിരുന്നു ഒരു ഗോള്‍. സിറ്റി 54 ശതമാനം സമയത്തും യുണൈറ്റഡ് 45 ശതമാനം സമയത്തും പന്തടക്കം നേടി. സിറ്റി ഒന്നാം ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകളടിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പുറത്തിരുത്തിയ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് 4-2-3-1 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്. മാര്‍കസ് റാഷ്ഫോഡാണു മുന്നില്‍ നിന്നത്.
എട്ടാം മിനിറ്റില്‍ തന്നെ സിറ്റി മുന്നിലെത്തി. ബെര്‍ണാര്‍ഡോ സില്‍വ നല്‍കിയ പാസ് ഫസ്റ്റ് ടച്ചില്‍ തന്നെ ഇടംകാലനടിയിലൂടെ ഫോഡന്‍ വലയിലാക്കി. 34-ാം മിനിറ്റില്‍ ഹാളണ്ടിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി. കെവിന്‍ ഡി ബ്രുയിന്റെ കോര്‍ണറിനെ ഉയര്‍ന്നു ചാടി ഹെഡ് ചെയ്താണു ഹാളണ്ട് വലയിലാക്കിയത്. മലാസിയ പന്ത് ക്ലിയര്‍ ചെയ്തെങ്കിലും ഗോള്‍ വര കടന്നു. മിനിറ്റുകള്‍ക്കു ശേഷം ഹാളണ്ട് വീണ്ടും ഗോളടിച്ചു. ഡി ബ്രുയിന്റെ തകര്‍പ്പന്‍ ക്രോസിനെ ഹാളണ്ട് വഴിതിരിച്ചു വിട്ടു. താരത്തിന്റെ ഈ സീസണിലെ 16-ാം ഗോളായിരുന്നു അത്. ഒന്നാം പകുതി അവസാനിക്കും മുമ്പ് ഫോഡനും രണ്ടാം ഗോളടിച്ചു. രണ്ടാം പകുതിയില്‍ യുണൈറ്റഡ് മെച്ചപ്പെട്ട രീതിയില്‍ തുടങ്ങി. 56-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ആന്റണിയുടെ യുണൈറ്റഡിന് ഒരു ഗോളിന്റെ ആശ്വാസം നല്‍കി. ആന്റണിയുടെ യുണൈറ്റഡിനായുള്ള രണ്ടാം ഗോളാണിത്. പിന്നാലെ ഹാളണ്ട് ഹാട്രിക്ക് പൂര്‍ത്തിയാക്കി. 64-ാം മിനിറ്റില്‍ ഗോമസിന്റെ പാസില്‍ നിന്നായിരുന്നു ഹാളണ്ടിന്റെ മൂന്നാം ഗോള്‍. സിറ്റിക്കായി ഹാളണ്ട് നേടുന്ന മൂന്നാമത്തെ ഹാട്രിക്കാണിത്. താമസിയാതെ ഫോഡനും ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഹാളണ്ടിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഫോഡന്റെ മൂന്നാം ഗോള്‍. 83-ാം മിനിറ്റില്‍ മാര്‍ഷ്യലിലൂടെ യുണൈറ്റഡ് ഒരു ഗോള്‍ കൂടി മടക്കി. ഇഞ്ചുറി ടൈമില്‍ ഒരു പെനാല്‍റ്റിയിലൂടെ മാര്‍ഷ്യല്‍ യുണൈറ്റഡിന്റെ മൂന്നാം ഗോളുമടിച്ചു. എട്ട് കളികളിലായി 20 പോയിന്റ് നേടിയ സിറ്റി രണ്ടാമതാണ്. ഒന്നാം സ്ഥാനത്തുള്ള ആഴ്സണല്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണു മുന്നില്‍.