മോൻസൺ മാവുങ്കൽ ഉപയോഗിച്ച ശില്‌പങ്ങളും കലാരൂപങ്ങളും തിരിച്ചുനൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: പുരാവസ‌്തുക്കളുടെ പേരിൽ തട്ടിപ്പു നടത്താൻ മോൻസൺ മാവുങ്കൽ ഉപയോഗിച്ച ശില്‌പങ്ങളും കലാരൂപങ്ങളും അവയുടെ യഥാർത്ഥ ഉടമയും ശില്പിയുമായ തിരുവനന്തപുരം സ്വദേശി എസ്. സന്തോഷിനു തിരിച്ചുനൽകണമെന്ന എറണാകുളം അഡി. സി.ജെ.എം കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. മോൻസണിന്റെ ഹർജിയിലാണ് ജസ്റ്റിസ് എ. എ. സിയാദ് റഹ്മാന്റെ ഉത്തരവ്.

സന്തോഷിന്റെ കൈയിൽ നിന്ന് വാങ്ങിയ ശില്പങ്ങളും കലാരൂപങ്ങളും മോശയുടെ അംശവടി, ശ്രീകൃഷ്‌ണന്റെ വെണ്ണക്കുടം, യൂദാസിന് ലഭിച്ച വെള്ളിക്കാശ് തുടങ്ങിയവയാണെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് മോൻസൺ തട്ടിപ്പു നടത്തിയത് . ഇവ തിരിച്ചു വേണമെന്നാവശ്യപ്പെട്ട് സന്തോഷ് അഡി. സി.ജെ.എം കോടതിയിൽ നൽകിയ ഹർജിയിൽ മോൻസണിനെ കക്ഷിയാക്കിയിരുന്നെങ്കിലും തനിക്കു നോട്ടീസ് നൽകുകയോ തന്നെ കേൾക്കുകയോ ചെയ്യാതെയാണ് ഉത്തരവു നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മോൻസൺ ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഈ സാധനങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മോൻസൺ നൽകിയ ഹർജി ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുമാണ്. ഈ വസ്തുതകൾ കണക്കിലെടുത്താണ് സിംഗിൾബെഞ്ച് സ്റ്റേ അനുവദിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →