തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഒക്ടോബർ 1 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് അവസാന നിമിഷം പിൻവലിച്ചു. പണിമുടക്കിൽ സർവീസുകൾ മുടങ്ങാതിരിക്കാൻ ബദൽ മാർഗം മാനേജ്മെന്റ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പണിമുടക്ക് പിൻവലിച്ചത്. കാലാവധി കഴിഞ്ഞ ഡ്രൈവർ, കണ്ടക്ടർ റാങ്ക് പട്ടികയിലുള്ളവരെ താത്കാലികമായി ജോലിക്ക് നിയോഗിക്കാനുള്ള ക്രമീകരണങ്ങളാണ് നടത്തിയത്. പണിമുടക്കിനെതിരെ ഡയസ്‌നോണും പ്രഖ്യാപിച്ചിരുന്നു.ഇത്തവണ ശമ്പള വിതരണം വൈകില്ല, കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 50 കോടി രൂപ അനുവദിച്ചു
2022 സെപ്തംബർ 30ന് രാവിലെ ടി.ഡി.എഫ് നേതാക്കൾ യോഗം ചേർന്നപ്പോൾ ഒരുവിഭാഗം പണിമുടക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് രാത്രിവരെ നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് സമവായത്തിലെത്തി പണിമുടക്ക് പിൻവലിച്ചത്. ഹൈക്കോടതി വിധി കണക്കിലെടുത്താണ് സമരത്തിൽ നിന്നും പിന്മാറുന്നതെന്ന് നേതാക്കൾ പറഞ്ഞു.
പണിമുടക്കിയാൽ ശക്തമായ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി ആന്റണി രാജുവും സി.എം.ഡിയും വ്യക്തമാക്കിയിരുന്നു. പണിമുടക്കുന്നവർക്ക് തിരിച്ചെത്തുമ്പോൾ ജോലി കാണില്ലെന്ന സൂചനയും മന്ത്രി നൽകിയിരുന്നു. ഡ്യൂട്ടി പരിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്ന് 29/09/2022 വ്യാഴാഴ്ച നടന്ന ചർച്ചയിൽ മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.സിംഗിൾ ഡ്യൂട്ടി തുടങ്ങി 01/10/2022 പുലർച്ചെ മുതൽ പരമാവധി പന്ത്രണ്ട് മണിക്കൂർവരെ നീളുന്ന സിംഗിൾഡ്യൂട്ടി സംവിധാനം നടപ്പാക്കിത്തുടങ്ങി. പാറശാല ഡിപ്പോയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ ഓർഡിനറി ബസുകളിലെല്ലാം സിംഗിൾ ഡ്യൂട്ടി നടപ്പാക്കും

