മാതൃക കാട്ടേണ്ടവരിൽ നിന്നാണ് തെറ്റ് സംഭവിച്ചിരിക്കുന്നതായി സിനിമാ നിർമ്മാതാക്കൾ : നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനം

കൊച്ചി: ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ നിർമ്മാതാക്കളുടെ തീരുമാനം. കേസിൽ ഒരു രീതിയിലും ഇടപെടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. മാതൃക കാട്ടേണ്ടവരിൽ നിന്ന് തെറ്റ് സംഭവിച്ച പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിർമ്മാതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓൺലൈൻ ചാനൽ അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും വിളിച്ച്‌ ചർച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയിൽ അങ്ങനെ പറഞ്ഞുപോയതാണ് എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുകയും മാധ്യമപ്രവർത്തകയോട് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തതായും നിർമ്മാതാക്കൾ അറിയിച്ചു.

എന്നാൽ സിനിമയിൽ മാതൃക കാട്ടേണ്ടവരിൽ നിന്നാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. അതിനാൽ തെറ്റ് പറ്റിയതിന് നടപടി സ്വീകരിച്ചേ മതിയാവൂ. അതിനാൽ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു. നിലവിൽ ചില സിനിമകളുടെ ഡബ്ബിങ് ജോലികൾ പൂർത്തിയാവാനുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങും പൂർത്തിയാവാനുണ്ട്. ഇതെല്ലാം പൂർത്തിയായ ശേഷം കുറച്ചുനാളത്തേയ്ക്ക് ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താനാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചത്. എത്ര കാലത്തേയ്ക്ക് എന്ന് തീരുമാനിച്ചിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കും. തെറ്റ് തിരുത്തി നേരെയാവുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →