ന്യൂഡല്‍ഹി: പൊതുസുരക്ഷ മുന്‍നിര്‍ത്തി താല്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട്.പൊതുസമൂഹവും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും പാര്‍ലമെന്ററി കമ്മിറ്റിയും ആശങ്കകള്‍ ഉന്നയിക്കുന്നതിനിടയിലാണ് 27/09/2022 കേന്ദ്ര സര്‍ക്കാര്‍ ബില്ലിന്റെ കരട് പുറത്തുവിട്ടത്.
ഒരു വ്യക്തിയുടെയോ വ്യക്തികളുടെയോ ഇന്റര്‍നെറ്റ് കണക്ഷന് വിച്ഛേദിക്കാന്‍ ബില്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിനു ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് നിര്‍ദേശിക്കാനാകും. ജനങ്ങളുടെ സുരക്ഷ, രാജ്യസുരക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കാനാകും. എന്നാല്‍, എത്രകാലത്തേക്കു ഇന്റര്‍നെറ്റ് തടയാമെന്ന കാര്യത്തില്‍ ബില്ലില്‍ വ്യക്തതയില്ല.
വിച്ഛേദിച്ച കണക്ഷന് പുനഃസ്ഥാപിക്കുന്നതു തീരുമാനമെടുക്കാന്‍ സമിതിവേണമെന്ന 2020 ലെ സുപ്രീംകോടതി വിധിയുടെ കാര്യത്തിലും ബില്ലില്‍ നിര്‍ദേശങ്ങളില്ല.
ജമ്മു -കശ്മീരില്‍ ഇന്റര്‍നെറ്റ് തടഞ്ഞതു സംബന്ധിച്ച കേസിലായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. കരട് ബില്ലിന്മേല് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 20 ആണ്.

