കൊച്ചി: സിൽവർലൈൻ പദ്ധതിക്കായുള്ള സർവേ തടസ്സപ്പെടുത്തിയവർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ജനങ്ങളെ ഭയപ്പെടുത്തി എങ്ങനെ മുന്നോട്ടുപോകാനാകുമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസ് പിൻവലിക്കാനാകുമോ എന്ന് അറിയിക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. സർവേനടപടി ചോദ്യംചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്ണനും മറ്റും നൽകിയ ഹർജിയിലാണ് ഇത്.
കേസ് പിൻവലിച്ചാൽ ജനങ്ങൾക്ക് അൽപം സമാധാനമാകുമായിരുന്നെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. പക്ഷേ, അത് ചെയ്യില്ല. പിൻവലിക്കാൻ ഉത്തരവിട്ടാൽ അപ്പീൽപോകും. ചില കേസുകൾ പിൻവലിക്കാൻ സുപ്രീംകോടതിയിൽവരെ പോയിട്ടുള്ളപ്പോഴാണ് ഇതുവരെ അംഗീകാരംകിട്ടാത്ത പദ്ധതിക്കെതിരേ പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസ് പിൻവലിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നതെന്നും വാക്കാൽ അഭിപ്രായപ്പെട്ടു.
പദ്ധതിയുടെ വിശദപദ്ധതിരേഖയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ച സാഹചര്യത്തിൽ സർവേയോ മറ്റ് നടപടികളോ സാധ്യമല്ലെന്ന് കോടതി വിലയിരുത്തി. ശരാശരിബുദ്ധിയുള്ള ആരും ഹൈസ്പീഡ് റെയിൽ പദ്ധതിയെ എതിർക്കില്ല. പക്ഷേ, അതിനൊക്കെയുള്ള നടപടിക്രമങ്ങൾ പാലിക്കണം. സർവേ നടപടികൾ തുടങ്ങിയാൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹർജി തീർപ്പാക്കിയുള്ള ഉത്തരവ് വ്യക്തമാക്കുന്നു