ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയർത്തൽ അനിവാര്യമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സി.പി.എം. പച്ചക്കൊടി വീശുന്നു. ഇതിനായി ‘കേരള സംസ്ഥാന സ്വകാര്യ സർവകലാശാലാ ബിൽ’ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങൾ ചർച്ചചെയ്യാൻ ഇ.എം.എസ്. അക്കാദമിയിൽ നടന്ന പ്രത്യേക ശില്പശാലയിലാണ് ഈ ധാരണ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്തൽ അനിവാര്യമാണെന്നും ഇതിനുള്ള നിയമനിർമാണങ്ങൾ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ സർവകലാശാലകൾ ഇടതുനയത്തിനു വിരുദ്ധമാണോയെന്ന ചോദ്യം ചിലർ ഉന്നയിച്ചു. ഇക്കാര്യത്തിൽ പാർട്ടി വ്യക്തതവരുത്തും. അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടി., എ.കെ.പി.സി.ടി.എ., ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ എന്നിവയുടെയും എസ്.എഫ്.ഐ.യുടെയും പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.

സി.പി.എം. സംസ്ഥാന നേതൃയോഗങ്ങളിൽ ചർച്ചചെയ്തശേഷം സംസ്ഥാനസർക്കാർ പരിഷ്‌കാരങ്ങൾ ഏറ്റെടുക്കും. സ്വയംഭരണ കോളേജുകളെ കല്പിത സർവകലാശാലകളാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ചയുണ്ടായി. എന്നാൽ, കല്പിതപദവിയുള്ള സ്ഥാപനങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മാനേജ്മെന്റുകൾക്കാണ് അധികാരമെന്നിരിക്കേ, അധ്യാപകർക്കും മറ്റും സർക്കാർ ശമ്പളംനൽകുന്നതിനെ മന്ത്രിമാരടക്കമുള്ളവർ എതിർത്തു. ഒടുവിൽ, സ്വകാര്യ സർവകലാശാലകൾ പ്രോത്സാഹിപ്പിച്ചാൽ മതിയെന്ന ധാരണയിലെത്തി.

സർവകലാശാലകളിലെ സിൻഡിക്കേറ്റുകൾ രാഷ്ട്രീയമുക്തമാക്കണമെന്ന കമ്മിഷൻ ശുപാർശയിൽ മന്ത്രിമാരും സിൻഡിക്കേറ്റ് ചുമതലയുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളും എതിർപ്പറിയിച്ചു.ഈ ശുപാർശ നടപ്പാക്കേണ്ടെന്നാണ് ധാരണ. സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളുടെ എണ്ണം ചുരുക്കണമെന്ന ശുപാർശ പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →