ന്യൂഡല്‍ഹി/ലഖ്നൗ: പോപ്പുലര്‍ ഫ്രണ്ടിനെതിരേ (പി.എഫ്.ഐ.) കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹത്രാസ് സംഭവത്തിന് പിന്നാലെ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാലുപേര്‍ ഇതിനായി നിയോഗിക്കപ്പെട്ടുവെന്നും ലഖ്നൗ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹത്രാസ് സംഭവത്തിന് പിന്നാലെ സമുദായ സൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയ കലാപത്തിനും നീക്കമുണ്ടായി. പോപ്പുലര്‍ ഫ്രണ്ട് അംഗവും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.എ. റൗഫ് ഷെരീഫ് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കി. ഇവര്‍ക്ക് വിദേശത്തുനിന്ന് 1.36 കോടി രൂപയുടെ ധനസഹായം ലഭിച്ചു. മലയാളിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.ഷെഫീഖ് പായം, ഖത്തറിലെ സജീവ പി.എഫ്.ഐ. അംഗമായിരുന്നു. ഷെഫീഖ് വഴി റൗഫിന് പണമയച്ചു. സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാലു പേരുടെ ഹത്രാസിലേക്കുള്ള യാത്ര ഗൂഢലക്ഷ്യത്തോടെയായിരുന്നു. സമുദായ സൗഹാര്‍ദം തകര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. വഴിമധ്യേ യു.പി. പോലീസ് ഇവരെ അറസ്റ്റ് ചെയ്തെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വദേശത്തു നിന്നും വിദേശത്തുനിന്നും ഏതാണ്ട് 120 കോടിയോളം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചത്. ആയിരത്തിലധികം അക്കൗണ്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതുണ്ട്. 2020 ലെ ഡല്‍ഹി കലാപത്തിലും വിദേശ ഫണ്ടിങ്ങുണ്ടായി. കലാപം ആളിക്കത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായും ഇ.ഡി. പറയുന്നു. ഷെഫീഖ് പായം ഉള്‍പ്പെടെയുള്ളവര്‍ ഒക്ടോബര്‍ മൂന്നുവരെ ഇ.ഡി. കസ്റ്റഡിയിലാണ്.
2020 സെപ്റ്റംബര്‍ 14 നായിരുന്നു കുപ്രസിദ്ധമായ ഹത്രാസ് സംഭവം. പുല്ലുചെത്താന്‍ പോയ 19 വയസുകാരിയായ ദളിത് യുവതിയെ കൂട്ടാബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു, നാവ് അക്രമികള്‍ മുറിച്ചെടുക്കുകയും ചെയ്തു. കുടുംബം പോലീസില്‍ അറിയിച്ചെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. സംഭവം പുറംലോകമറിഞ്ഞതോടെ 20 ന് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി. 22 നാണ് കുട്ടിയുടെ മൊഴി എടുക്കുന്നത്. അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലും പിന്നീട് നില വഷളായതോടെ 28-ന് ഡെല്‍ഹി സഫ്ദര്‍ ജങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍, 29ന് പെണ്‍കുട്ടി മരിച്ചു.
ആശുപത്രി നടപടികള്‍ക്കുശേഷം വിട്ടുകിട്ടിയ മൃതദേഹം പെണ്‍കുട്ടിയുടെ ഹത്രാസിലെ വീട്ടിലേക്ക് പോലീസ് അകമ്പടിയിലാണ് എത്തിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങളെ ഒഴിവാക്കി മൃതദേഹം സംസ്‌കരിച്ചതും വിവാദമായി. നേരം പുലര്‍ന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നു പറഞ്ഞായിരുന്നു പോലീസ് നടപടി.

