ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്

പാരിസ്: കുര്‍ദിഷ് വനിത മഹ്സ അമിനി മൊറാലിറ്റി പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് രാജ്യത്തുയരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. പ്രതിഷേധങ്ങളെ കലാപമെന്നു വിശേഷിപ്പിച്ച റെയ്സി, അടിച്ചമര്‍ത്തുമെന്നു മുന്നറിയിപ്പ് നല്‍കി.ശരിയായ രീതിയില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടം ലംഘിച്ചെന്ന പേരില്‍ കഴിഞ്ഞ 13 ന് അറസ്റ്റിലായ അമിനി 16 നു കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. തുടര്‍ന്നാണു രാജ്യമാകെ പ്രതിഷേധം അലയടിച്ചത്. റാലികളില്‍ പങ്കെടുത്ത ചില സ്ത്രീകള്‍ ഹിജാബ് കത്തിച്ചും മുടി മുറിച്ചുമാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. റാലികള്‍ക്കു നേരേ പോലീസ് വെടിവച്ചതു പലയിടത്തും ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘര്‍ഷങ്ങളില്‍ ഇതുവരെ 41 പേര്‍ കൊല്ലപ്പെട്ടു. കൂടുതലും പ്രതിഷേധക്കാര്‍. ഏതാനും സുരക്ഷാഭടര്‍മാരും കൊല്ലപ്പെട്ടു.

Share
അഭിപ്രായം എഴുതാം