യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ചടയമംഗലം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചടയമംഗലം അക്കോണം സ്വദേശി ഹരി എസ്. കൃഷ്ണനാണ് (കിഷോർ) അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ചടയമംഗലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂർ പഴകുളം സ്വദേശിനി ലക്ഷ്മി പിള്ള (24) യാണ് 2022 സെപ്തംബർ 20ന് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തത്.

പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി കത്തിലുണ്ടായിരുന്നു. വീട്ടുകാരോട് പല തവണ കൂടുതൽ പണം ചോദിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി നിരന്തരം ഫോണിൽ കൂടി വഴക്കുണ്ടായി. രണ്ടു ദിവസത്തിനു മുന്നേ ഭർത്താവ് തന്റെ ഫോൺ ബ്ലോക്ക് ചെയ്തു വെച്ചിരുന്നതായും ലക്ഷ്മിപിള്ളയുടെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു.

മരണത്തിൽ സംശയം ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്ക്​ പരാതി നൽകിയിരുന്നു. മകളുടെ ഒമ്പത് ലക്ഷത്തോളം രൂപയുടെ സ്വർണം പണയം വെച്ചിട്ടുള്ളതായും കൂടുതൽ പണം ആവശ്യപ്പെട്ടു മകളെ പീഡിപ്പിച്ചിരുന്നതയും പരാതിയിൽ പറയുന്നു. ഫോൺ രേഖകൾ കൂടി പരിശോധിച്ചാണ് ഭർത്താവ് ഹരി എസ്. കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുമ്പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈത്തിൽനിന്ന് രാവിലെ വീട്ടിലെത്തിയപ്പോൾ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച്‌ താമസിച്ചത്.

കുവൈത്തിൽ ജോലിചെയ്തിരുന്ന ഭർത്താവ് ലക്ഷ്മിപിള്ള മരിച്ച ദിവസം രാവിലെ 11 ന് വീട്ടിലെത്തിയിരുന്നു. പൂട്ടിയിരുന്ന വീടിന്റെ കതക് തുറന്ന് നോക്കാൻ ഭർത്താവ് ശ്രമിച്ചില്ല. ലക്ഷ്മിപിള്ളയുടെ മാതാവ് വൈകീട്ട്​ മൂന്നിന്​ അടൂരിൽ നിന്നു വന്നതിന് ശേഷമാണ് കതകു തുറന്നു നോക്കിയത്. ഇതാണ് ഹരിയെ പൊലീസ് സംശയിക്കുന്നതിന് കാരണമായത്

Share
അഭിപ്രായം എഴുതാം