ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ അമൃത് സരോവറിന്റെ ജില്ലാതല അവലോകന യോഗം ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ജലക്ഷാമം പരിഹരിക്കുന്നതിനായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് മിഷന്‍ അമൃത് സരോവര്‍. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് തലത്തില്‍ നിന്നും തിരഞ്ഞെടുത്ത കുളങ്ങളുടേയും ജലാശയങ്ങളുടേയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ജില്ലയില്‍ 47 കുളങ്ങള്‍ പുനരുജ്ജീവിപ്പിക്കാണ് ലക്ഷ്യമിടുന്നത്. ഇതില്‍ തണ്ണീര്‍മുക്കം പഞ്ചായത്തിലെ വെള്ളിയാകുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തയിടങ്ങളില്‍ അടുത്തമാസം ആദ്യം അവ ആരംഭിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. വരും വേനലിന് മുമ്പായി ജില്ലയിലെ ജലക്ഷാമം പൂര്‍ണമായും പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
യോഗത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. ടോമി, ജില്ലാ എന്‍ജിനീയര്‍ ഷിന്‍സി ലൂക്കോസ്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.