വിനോദസഞ്ചാരത്തിന് എത്തിയ സ്‌കൂൾ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പ്രതിക്കെതിരേ ചുമത്തിയത് നിസാരവകുപ്പുളെന്ന് ആക്ഷേപം

തിരുവനന്തപുരം: വെള്ളാനിക്കൽപാറയിൽ വിനോദസഞ്ചാരത്തിന് എത്തിയ സ്‌കൂൾ വിദ്യാർഥികൾക്കെതിരെ നാട്ടുകാരുടെ സദാചാരഗുണ്ടാ ആക്രമണം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചെത്തിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഒരാൾ പെൺകുട്ടികളെ വടി കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടികളെ നടുറോഡിലിട്ട് മർദിക്കുന്നത് കണ്ടവരാണ് ദൃശ്യങ്ങൾ പകർത്തിയത്.

ഓണാവധിക്കിടെയാണ് സ്‌കൂൾ വിദ്യാർഥികളായ ആൺകുട്ടികളും പെൺകുട്ടികളും വെള്ളാനിക്കൽപാറയിൽ എത്തിയത്. എന്നാൽ ഇനി ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് പറഞ്ഞ് ഇവരെ തടയുകയായിരുന്നു. തുടർന്ന് പെൺകുട്ടികളെ അടക്കം വടികൊണ്ട് മർദിക്കുകയും ചെയ്തു. സംഭവം കണ്ടെത്തിയ മറ്റൊരാളാണ് വീഡിയോ പകർത്തിയത്. എന്തിനാണ് കുട്ടികളെ മർദിച്ചതെന്ന് ചോദിച്ചപ്പോൾ താൻ പെൺകുട്ടികളുടെ മുട്ടിന് താഴെയാണ് അടിച്ചതെന്നും താനൊന്നും പത്രം വായിക്കാറില്ലേ എന്നുമായിരുന്നു അക്രമിയുടെ മറുപടി. ദൃശ്യം പകർത്തിയ ആളോട് ഇയാൾ തട്ടിക്കയറുകയും ചെയ്തു.

2022 സെപ്റ്റംബർ നാലാം തീയതിയാണ് ഈ സംഭവമുണ്ടായതെന്നാണ് പോത്തൻകോട് പോലീസ് പറയുന്നത്. സംഭവത്തിൽ ശ്രീനാരായണപുരം സ്വദേശി മനേഷിനെ അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായാണ് വിവരം. നിസാരവകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയതെന്നും ആക്ഷേപമുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →