ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ തടയാൻ ശക്തമായ നിയമം അനിവാര്യമാണെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങൾ തടയുന്നതിന് എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മൂകസാക്ഷിയായി നിൽക്കുന്നത് എന്ത് കൊണ്ടാണെന്നും സുപ്രീംകോടതി ആരാഞ്ഞു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് വാർത്ത ചാനലുകൾ വേദി ഒരുക്കുകയാണെന്നും സുപ്രീംകോടതി ആരോപിച്ചു.
വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തം ആണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തം ആണെന്ന് കോടതിയും അഭിപ്രായപ്പെട്ടു. നമ്മൾ എങ്ങോട്ടാണ് ആണ് പോകുന്നതെന്നും ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ.എം. ജോസഫ് ആരാഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര നിയമ കമ്മിഷൻ നൽകിയ ശുപാർശയോടുള്ള നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു

