ബാങ്കിന്റെ ദയാരാഹിത്യം അഭിരാമിയെ വധിച്ചു

ജപ്തി നോട്ടിസിന് മുൻപിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വളച്ചുകെട്ടാതെ പറഞ്ഞാൽ വധിച്ചു. അതല്ലേ ശരി? നിയമവിരുദ്ധ നടപടികൾ, മനുഷ്യ പറ്റില്ലാത്തവരുടെ ബ്യൂറോക്രാറ്റിക് പരദ്രോഹ സുഖാന ഭൂതിക്കുള്ള ത്വര ഇതൊക്കയല്ലെ അഭിരാമിയുടെ കുടുംബത്തിന് നേരെ കണ്ടത്? നോട്ടീസ് പതിക്കാനും റിക്കവറി നടപടികൾ നടത്താനും ബാങ്കുകൾക്ക് ചുമതലയുണ്ട്. എന്നാലേ പ്രസ്ഥാനം മുന്നോട്ട് പോകൂ. പക്ഷേ നമ്മുടെ നടപടികൾക്ക് മനുഷ്യപ്പറ്റില്ലാത്തതാണ് കുഴപ്പം. 2022 മാർച്ചിൽ ഒന്നര ലക്ഷം രൂപ അടച്ചയാളിന് അൽപ്പം കൂടി സാവകാശം നൽകാമായിരുന്നു. കോവിഡ് മൂലം പ്രതിസന്ധിയിലായതാണ് കാരണമെങ്കിൽ ബാങ്ക് കണിശമായും സാവകാശം നൽകണമായിരുന്നു. വീട് തങ്ങളുടെ കസ്റ്റഡിയിലാണെന്നും വീട്ടിൽ കയറുന്നത് നിയമ വിരുദ്ധമാണെന്നും കിടപ്പാടത്തിൽ ബോർഡ് വയ്ക്കും മുൻപ് തീർച്ചയായും കുടുംബാംഗങ്ങൾക്ക് കൗൺസിലിംഗ് നൽകണം. കിടപ്പാടത്തിൻമേലുള്ള അഭിമാനം നമുക്ക് എത്ര ഉയർന്നതാണെന്നറിയാത്ത ബാങ്ക് ഉദ്യോഗസ്ഥർ ഏത് നാട്ടിലാണ് വളർന്നത്?

വായ്പക്കാരനോ കുടുംബാംഗങ്ങളോ വീട്ടിലില്ലാത്ത തക്കം നോക്കി കെട്ടിടം ബാങ്കിന്റെ കൈവശത്തിലാണെന്നും അതിക്രമിച്ച് കയറുന്നത് നിയമ വിരുദ്ധമാണ് എന്നും ബോർഡ് വച്ചത് തെറ്റായ നടപടിയാണ്. ഇത് നടപടി ക്രമങ്ങൾ പാലിച്ചല്ല ചെയ്തിരിക്കുന്നത്. വസ്തു കൈവശത്തിലെടുക്കുന്നത് ഈ നോട്ടീസ് വഴിയല്ല. കോടതി ഉത്തരവ് പ്രകാരമാണ്. ഒരു വർഷത്തോളം സാവകാശം അതിന് ലഭിക്കും. കോവിഡ് മൂലം വിദേശത്തെ ജോലി നഷടപ്പെട്ട ഈ പാവപ്പെട്ടവന്, കോവിഡ് മാറുന്ന സ്ഥിതിക്ക് വായ്പ തിരിച്ചടക്കാനോ പുതുക്കി ക്രമപ്പെടുത്താനോ കഴിയുമായിരുന്നു.

സംസ്ഥാനം ഭരിക്കുന്ന പാർട്ടി നയിക്കുന്ന കേരള ബാങ്കിന്റെ നയമില്ലായ്മ ഒരു ജീവൻ കവർന്നു. അവരുടെ കുടിശ്ശികയ്ക്കും ഈ ബോർഡിനുമിടയിൽ മനുഷ്യത്വം എന്ന ഘടകം ചോർന്നു പോയി എന്ന് പറയാതിരിക്കാൻ വയ്യ. ഒരു കോടിയുടെയോ രണ്ടു കോടിയുടെയോ എത്ര ഫയലുകൾ മാറ്റി വച്ചാണ് ശിപാർശ നടത്താൻ പാർട്ടിക്കാരില്ലാത്ത, നിയമവിരുദ്ധമായി വച്ച ബോർഡ് എടുത്ത് തോട്ടിലെറിയാൻ ധൈര്യമില്ലാത്ത ശൂരനാട്ടെ പാവപ്പെട്ടന്റെ വീടിന്മേൽ ബോർഡ് തറച്ചതെന്ന് സഹകരണ വകുപ്പ് പരിശോധിക്കണം. കർക്കശ കേന്ദ്ര നിയമമായ സെക്യൂറിട്ടെെസേഷൻ ആക്ട് അനുസരിച്ചുള്ള റിക്കവറിനടപടികൾ നടപ്പാക്കുമ്പോൾ അൽപ്പം മനുഷ്യത്വം കൂടി അതിൽ ചേർക്കാൻ നിർദ്ദേശം നൽകണം.

കരുവന്നൂർ സഹകരണ സംഘത്തിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാൻ സഹകാരികൾ സത്യാഗ്രഹം കിടക്കുന്നതും, സുപ്രീം കോടതിയുടെ ബഫർസോൺ പ്രഖ്യാപനത്തിനു മുൻപിൽ നൂറ് കണക്കിന് ഈടുവസ്തുക്കൾക്ക് മൂല്യമില്ലാതായതും മലനിരകളിലെ റിസോർട്ടുകൾക്ക് കൊടുത്ത വായ്പ വെള്ളത്തിൽ വരച്ച വരപോലെയായതും നമുക്ക് മറക്കാം.

Share
അഭിപ്രായം എഴുതാം