കോണ്‍ഗ്രസ് പ്രസിഡന്റ്: മത്സരിക്കാന്‍ തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ശശി തരൂര്‍ എം.പി. മത്സരം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി.

പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള നിവേദനത്തിനു പരസ്യപിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹം സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചത്. പാര്‍ട്ടിയില്‍ പരിഷ്‌കരണം ആവശ്യപ്പെടുന്ന ജി23 ന്റെ ഭാഗമാണു തരൂര്‍. കോണ്‍ഗ്രസില്‍ പരിഷ്‌കരണം വേണമെന്നും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നവര്‍ ഉദയ്പുര്‍ പ്രഖ്യാപനം നടപ്പാക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും ആവശ്യപ്പെട്ട് യുവാക്കളായ ഏതാനും പാര്‍ട്ടി അംഗങ്ങള്‍ ട്വീറ്റ് ചെയ്ത നിവേദനത്തിനാണു തരൂര്‍ പിന്തുണ അറിയിച്ചത്.

പാര്‍ട്ടിയില്‍ ക്രിയാത്മകമായ പരിഷ്‌കരണം ആവശ്യപ്പെടുന്ന നിവേദനത്തെ സ്വാഗതം ചെയ്യുന്നു. നിലവില്‍ 650 പേര്‍ ഇതില്‍ ഒപ്പിട്ടുകഴിഞ്ഞു. നിവേദനം പങ്കുവച്ചുകൊണ്ട് തരൂര്‍ പറഞ്ഞു. ഒക്‌ടോബറിലെ സംഘടനാ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബാംഗം തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കു വന്നേക്കുമെന്ന സൂചനകള്‍ക്കിടെയാണു തരൂരിന്റെ നീക്കം.

തെരഞ്ഞെടുപ്പില്ലാതെ സമവായത്തിലൂടെ ഗാന്ധി കുടുംബാംഗത്തെത്തന്നെ ശ്രമം നടക്കുന്നതായി ജി 23 നേതാക്കളും സംശയിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുല്‍ ഗാന്ധി പുനഃപരിശോധിക്കണമെന്നു മൂന്നു സംസ്ഥാന ഘടകങ്ങള്‍ ആവശ്യപ്പെട്ടതും ഇതിന്റെ ഭാഗമാണെന്നും അവര്‍ കരുതുന്നു. പാര്‍ട്ടിയുടെ കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ ഈ ആവശ്യം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരം നടക്കുന്നതു പാര്‍ട്ടിക്കു ഗുണംചെയ്യുമെന്നു തരൂര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →