ആലപ്പുഴ: കഞ്ഞിക്കുഴി പഞ്ചായത്തില്‍ പേ വിഷബാധ നിര്‍മാര്‍ജന പരിപാടിക്ക് തുടക്കമായി. പഞ്ചായത്തിന്റെയും കഞ്ഞിക്കുഴി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയുടെ ആദ്യഘട്ടത്തില്‍ വളര്‍ത്തുനായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കും. രണ്ടാം ഘട്ടത്തില്‍ തെരുവ് നായകള്‍ക്ക് കുത്തിവെപ്പ് നല്‍കും.
പഞ്ചായത്ത് ഹാളില്‍ നടന്ന കുത്തിവെപ്പ് ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ലിറ്റി എം. ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ലൈസന്‍സിന് 10 രൂപയുമാണ് ഈടാക്കുന്നത്. കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളു. ഗ്രാമപഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 20, 22, 23 തീയതികളില്‍ രാവിലെ 9.30 മുതല്‍ 12 മണി വരെയാണ് ക്യാമ്പ്.

