പാലക്കാട്: വാളയാർ പീഡന കേസിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പോക്സോ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പുനരന്വേഷണത്തിന് പോക്സോ കോടതി ഉത്തരവിട്ടത് സിബിഐ അന്വേഷണം കാര്യക്ഷമ മല്ലാത്തതി നാലാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കോടതി ഉത്തരവിൻറെ പകർപ്പ് കഴിഞ്ഞ ദിവസം വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചു. പൊലീസ് കണ്ടെത്തൽ തന്നെയാണ് സിബിഐയും ആവർത്തിച്ചതെന്നും പുതിയ കണ്ടെത്തലുകൾ സിബിഐ റിപ്പോർട്ടിൽ ഇല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
പഴവീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകിയതാണെന്നാണ് ഉത്തരവിലെ പരാമർശം. 2022 ഓഗസ്റ്റ് പത്തിനാണ് പാലക്കാട് പോക്സോട് കോടതി (ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ) വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പുനരന്വേഷണത്തിന് ഉത്തരവിട്ട പാലക്കാട് പോക്സോ കോടതി സിബിഐയെ രൂക്ഷ ഭാഷയിലാണ് വിമശിച്ചത്. സിബിഐയുടെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
ഉത്തരവിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ 1. സിബിഐ ഹാജരാക്കിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ല.2. ഇത്രയും ഹീനമായ കുറ്റകൃത്യത്തിൽ നേരിട്ടുള്ള തെളിവുകൾ കിട്ടിയില്ലെങ്കിൽ, കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുന്ന ശക്തമായ സാഹചര്യത്തെളിവുകൾ ഉറപ്പാക്കേണ്ട ചുമതല അന്വേഷണ ഏജൻസിക്കുണ്ട്.3. കുറ്റാരോപിതൻ സ്വമേധയാ കുറ്റസമ്മതം നടത്തിയെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിലുണ്ട്. ഇത് സ്ഥാപിക്കാൻ അനുബന്ധ തെളിവുകൾ സിബിഐ ഹാജരാക്കിയ കുറ്റപത്രത്തിൽ ഇല്ല. 4. അലസവും അപൂർണവുമായ അന്വേഷണമാണ് കേസിൽ ഉണ്ടിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.
ഏറെ ഗൌരവതരമായ കേസിൽ കൃത്യവും ശരിയായ ദിശയിലുമുള്ള അന്വേഷണം നടന്നില്ലെങ്കിൽ ജനങ്ങൾക്ക് നീതിനിർവഹണത്തിൽ വിശ്വാസം നഷ്ടപ്പെടില്ലേ എന്നും കോടതി നിരീക്ഷിക്കുന്നു. അതിനാൽ സത്യം കണ്ടെത്താനുള്ള തുടരന്വേഷണത്തിന് ആദ്യപരിഗണന നൽകണം എന്നാണ് വ്യക്തമാക്കിയത്. നീതി ഉറപ്പാക്കാൻ തുടരന്വേഷണം അനിവാര്യമാണ്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴിൽ തുരന്വേഷണം നടത്തണം എന്നാണ് പാലക്കാട് പോക്സോ കോടതി ആവശ്യപ്പെട്ടത്.
ഓഗസ്റ്റ് പത്തിന് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും, ഉത്തരവിൻ്റെ പകർപ്പ് കിട്ടാത്തതിനാൽ, കോടതി എന്തൊക്കെ കാര്യങ്ങൾ പരിഗണിച്ചു എന്ന് വ്യക്തമായിരുന്നില്ല. മരിച്ച പെൺകുട്ടികളുടെ അമ്മ നൽകിയ അപേക്ഷയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചത്. കേരളത്തിന് പുറത്തുള്ള സിബിഐ യൂണിറ്റിനെ കൊണ്ട് കേസിലെ തുടരന്വേഷണം നടത്തണം എന്നാണ് വാളയാർ സമരസമിതി ആവശ്യപ്പെടുന്നത്.