തിരുവനന്തപുരം: സ്കൂട്ടർ പാലത്തിൽ നിന്ന് കനാലിലേക്ക് മറിഞ്ഞ് അമ്മക്കൊപ്പം സഞ്ചരിച്ചിരുന്ന ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. അഞ്ചു വയസ്സുകാരൻ പവിൻ സുനിലാണ് മരിച്ചത്. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും, അമ്മ മഞ്ജുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെയ്യാറ്റിൻകര ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി ജംഗ്ഷന് സമീപം 15/09/22 വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. കുട്ടികളുമായി മഞ്ജു സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്ന വഴിയിൽ കൈവരികൾ ഇല്ലാത്ത ചാനൽ പാലം മറികടക്കുന്നതിനിടയ്ക്ക് സ്കൂട്ടർ കനാലിലേക്ക് വീഴുകയായിരുന്നു. പവിൻ സുനിലിന് മുകളിലേക്ക് സ്കൂട്ടർ പതിച്ചതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത്. അപകടം കണ്ടെത്തിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പവിൻ സുനിലിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.