കൊറോണ വൈറസുകളെ നിർജീവമാക്കാൻ കഴിയുന്ന പുതിയ കണ്ടുപിടുത്തവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ

ലണ്ടൻ: കോവിഡിനു കാരണമായ സാർസ്-കോവി-2 ഉൾപ്പെടെയുള്ള വൈറസുകളെ നിർജീവമാക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു. ഈ ഫിലിമിൽ സാധാരണവെളിച്ചം പതിച്ചാൽ വൈറസുകൾ നശിക്കും. ആശുപത്രികളിൽ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മേശവിരിപ്പ്, കർട്ടൻ, ജീവനക്കാരുടെ കുപ്പായം എന്നിവയിൽ ഇതു പ്രയോഗിക്കാൻ കഴിയും.

അൾട്രാവയലറ്റ് വെളിച്ചം ആഗിരണംചെയ്യാൻ കഴിയുന്ന കണങ്ങളുടെ നേർത്ത ഒരുപാളി ഈ ഫിലിമിൽ പൂശിയിട്ടുണ്ട്. വെളിച്ചം പതിക്കുമ്പോൾ അവ റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസ് (ആർ.ഒ.എസ്.) ഉണ്ടാക്കും. ഓക്‌സിജനിൽനിന്നു രൂപംകൊള്ളുന്ന വൻ പ്രതിപ്രവർത്തനശേഷിയുള്ള രാസവസ്തുക്കളാണ് ആർ.ഒ.എസ്. ഇവയാണ് വൈറസുകളെ നിർജീവമാക്കുന്നതെന്ന് ഫിലിം വികസിപ്പിച്ച ബെൽഫാസ്റ്റ് ക്വീൻസ് സർവകലാശാലയിലെ ഗവേഷകർ പറഞ്ഞു. ഈ പ്ലാസ്റ്റിക് ഫിലിം മണ്ണിൽ അലിയുന്നതായതിനാൽ പാരിസ്ഥിതിക ദോഷമില്ലെന്നും അവർ പറഞ്ഞു.

രണ്ടുതരം ഇൻഫ്ളുവൻസ എ വൈറസ്, ഇ.എം.സി. വൈറസ്, സാർസ്-കോവി-2 വൈറസ് എന്നിവയുപയോഗിച്ച് ഈ ഫിലിമിൽ പരീക്ഷണം നടത്തി. വൈറസ് കണങ്ങൾ പുരണ്ട ഫിലിം അൾട്രാ വയലറ്റ് വെളിച്ചത്തിലോ ഫ്ളൂറസെന്റ് വിളക്കിന്റെ വെളിച്ചത്തിലോ കാണിച്ചപ്പോൾ വൈറസ് നിർജീവമായി. വൈറസ് വ്യാപനം കാര്യമായി കുറയ്ക്കാൻ ഈ ഫിലിമിനാകും എന്നാണ് കരുതുന്നത്. ഗവേഷണത്തിന്റെ വിശദാംശങ്ങൾ ജേണൽ ഓഫ് ഫോട്ടോെകെമിസ്ട്രി ആൻഡ് ഫോട്ടോബയോളജി ബി: ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →