ജലീലിനെതിരേ കേസ് എടുക്കാൻ ഉത്തരവുണ്ടെന്ന അഭിഭാഷകന്റെ അവകാശവാദം തെറ്റ് : എന്നാല്‍ കേസെടുക്കാൻ കോടതി വാക്കാൽ നിർദേശിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ ജി.എസ്. മണി

ന്യൂഡൽഹി: വിവാദ പരാമർശത്തിൽ മുൻമന്ത്രി കെ.ടി. ജലീലിനെതിരേ കേസ് എടുക്കാൻ ഉത്തരവില്ല. ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. ഹർജിക്കാരന്റെ വാദം കേട്ടു. സെപ്റ്റംബർ 14-ലേക്ക് കേസ് മാറ്റുന്നു എന്നു മാത്രമാണ് കോടതി ഉത്തരവിലുള്ളത്.

2022 സെപിതംബർ 12 തിങ്കളാഴ്ചയാണ് കേസിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പരാതിക്കാരന് പറയാനുള്ളതെല്ലാം കേട്ടു. ഏതൊക്കെ വകുപ്പു പ്രകാരം കേസ് എടുക്കണമെന്നുള്ളത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേട്ടു. കേസ് 2022 സെപ്റ്റംബർ 14 ലേക്ക് മാറ്റുന്നു എന്നു മാത്രമാണ് കോടതി പറഞ്ഞത്. കേസ് എടുക്കണമെന്നോ ഹർജിക്കാരന്റെ മറ്റേതെങ്കിലും വാദം അംഗീകരിക്കുന്നതായോ കോടതി പറഞ്ഞിട്ടില്ല.

സുപ്രീം കോടതി അഭിഭാഷകൻ ജി.എസ്. മണിയാണ് ജലീലിനെതിരേ പരാതി നൽകിയിരുന്നത്. തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് ശേഷം, കോടതിയിൽ നിന്ന് പുറത്തുവന്ന ജി.എസ്. മണി പറഞ്ഞത് ജലീലിനെതിരേ കേസ് എടുക്കാൻ നിർദേശിച്ചിരിക്കുന്നു എന്നായിരുന്നു. വകുപ്പ് ഏതെന്ന് പറഞ്ഞിട്ടില്ലെന്നും ഉചിതമായ വകുപ്പ് എന്നാണ് കോടതി പറഞ്ഞത്. എന്നാൽ താൻ ആവശ്യപ്പെട്ടത് പ്രകാരം രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റം ചുമത്താൻ പോലീസിന് അധികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ കോടതി ഉത്തരവ് വന്നതിനു ശേഷം മണിയുമായി ബന്ധപ്പെട്ടപ്പോൾ, കേസ് എടുക്കാൻ കോടതി വാക്കാൽ നിർദേശിച്ചിട്ടുണ്ട് അതിനാലാണ് മാധ്യമങ്ങളോടു പറഞ്ഞതെന്നുമായിരുന്നു മറുപടി. ഡൽഹി റോഡ് അവന്യൂ കോടതി ജലീലിനെതിരേ കേസ് എടുക്കാൻ നിർദേശം നൽകിയെന്ന അഭിഭാഷകന്റെ അവകാശവാദം തെറ്റാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ജലീലിനെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി തിലക് മാർഗ് പോലീസിൽ മണി പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് നടപടി കൈക്കൊള്ളാത്തതിന് പിന്നാലെ ഇദ്ദേഹം ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ശേഷം പുറത്തേക്ക് വന്ന മണി, കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം ലഭിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →