ലണ്ടന്‍: 19/09/2022 അടുത്ത തിങ്കളാഴ്ച ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളെ പതിറ്റാണ്ടുകള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിന്റെ പരിസമാപ്തി എന്നുകൂടി വിശേഷിപ്പിക്കാം. 1760 ല്‍ ജോര്‍ജ് രണ്ടാമന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നശേഷം ബ്രിട്ടനില്‍ രാജപദവി വഹിച്ച മറ്റൊരാളുടെയും സംസ്‌കാര ശുശ്രൂഷ ഇവിടെ നടത്തിയിട്ടില്ല. എന്നാല്‍, എലിസബത്ത് രാജ്ഞി തന്റെ അന്ത്യയാത്രയെക്കുറിച്ചു വഴിമാറിയാണു ചിന്തിച്ചത്. ഇന്നു രാവിലെ പാര്‍ലമെന്റിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന രാജ്ഞിയുടെ ഭൗതികശരീരം സംസ്‌കാര ദിവസം രാവിലെ 6.30 വരെ അവിടെ തുടരും. 19-ന് വെസ്റ്റ്മിന്‍സ്റ്റര്‍ ഡീന്‍ ഡേവിഡ് ഹോയിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങുകളില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി ചരമപ്രഭാഷണം നടത്തും. രാജകീയ ആചാരങ്ങളോടെയുള്ള മറ്റു നിരവധി ചടങ്ങുകളെത്തുടര്‍ന്നായിരിക്കും സംസ്‌കാരം.വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലെ ഉയര്‍ന്ന പ്ലാറ്റ്ഫോമായ കാറ്റഫാല്‍ക്കില്‍നിന്ന് മൃതദേഹപേടകം രാവിലെ 10.30ന് ഹാളിന്റെ വടക്കേ വാതിലിനു പുറത്തെത്തുന്നഗണ്‍ കാര്യേജ് വാഹനത്തിലേക്കു മാറ്റും. തുടര്‍ന്ന് പ്രത്യേകം തെരഞ്ഞെടുപ്പെട്ട നാവികര്‍ ഈ വാഹനം കയറുപയോഗിച്ചു വലിച്ചുകൊണ്ടുപോകും.
വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ ഗ്രേറ്റ് വെസ്റ്റ് ഡോറിലേക്കുള്ള യാത്രയില്‍ രാജകുടുംബാംഗങ്ങള്‍ കാല്‍നടയായി മൃതദേഹപേടകത്തെ അനുഗമിക്കും. അവിടെയെത്തിയശേഷം പടിഞ്ഞാറന്‍ പടവുകള്‍ കയറി മധ്യഭാഗത്തുകൂടി പ്ലാറ്റ്ഫോമിലേക്കു കൊണ്ടുപോകും. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ 2,200 പേര്‍ക്കാണു പ്രവേശനസൗകര്യമുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ജോ െബെഡന്‍ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് വന്‍ സുരക്ഷാ നടപടികള്‍ക്ക് ബ്രിട്ടന്‍ തുടക്കമിട്ടു.ദ് ബീസ്റ്റ് എന്നറിയപ്പെടുന്ന ബൈഡന്റെ കവചിത വാഹനത്തില്‍ത്തന്നെ സംസ്‌കാരസ്ഥലത്തേക്കു പോകാന്‍ അദ്ദേഹത്തെ അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് തുടങ്ങിയവരും അവരവരുടെ വാഹനത്തില്‍ത്തന്നെ എത്തുമെന്നറിയുന്നു. മറ്റുള്ളവരെ പ്രത്യേക ബസിലായിരിക്കും ആബിയിലേക്കു കൊണ്ടുപോകുക.
ബ്രിട്ടനുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികള്‍ക്ക് ചടങ്ങലേക്ക് ക്ഷണമുണ്ടാകും. എന്നാല്‍, യുക്രൈന്‍ യുദ്ധം കാരണം റഷ്യ ഇതില്‍ ഉള്‍പ്പെടുമോ എന്നു വ്യക്തമല്ല.സംസ്‌കാരച്ചടങ്ങിനു ശേഷം, ശവപ്പെട്ടി ലണ്ടനിലെ ഹൈഡ്പാര്‍ക്ക് കോര്‍ണറിലെ വെല്ലിങ്ടണ്‍ ആര്‍ച്ചിലേക്കും അവിടെനിന്ന് വിന്‍ഡ്സറിലേക്കും ആചാരപൂര്‍വം കൊണ്ടുപോകും. ഈ യാത്രയില്‍ രാജാവും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും പങ്കെടുക്കുമെന്നു കരുതപ്പെടുന്നു.2018 മേയില്‍ ഹാരി രാജകുമാരനും ഭാര്യ മേഗനും വിവാഹിതരായ സ്ഥലമാണു വിന്‍ഡ്സറിലെ സെന്റ് ജോര്‍ജ് ചാപ്പല്‍. 2021 ഏപ്രിലില്‍ രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം നടന്നതും അവിടെയാണ്.
സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന സ്വകാര്യ ഇടവക ശുശ്രൂഷയില്‍ അടുത്ത രാജകുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കും. പ്രധാന ചാപ്പലിനോടു ചേര്‍ന്ന് പിതാവ് ജോര്‍ജ് ആറാമന്റെ സ്മാരക ചാപ്പലാണ് രാജ്ഞിയുടെ അന്ത്യവിശ്രമസ്ഥലം.