കണ്ണൂർ: കണ്ണൂർ ചാലയിൽ പേവിഷബാധയേറ്റ് കറവ പശു ചത്ത സംഭവത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി. പശുവിന്റെ ശരീരത്തിൽ പേപ്പട്ടി കടിച്ചതിന്റെ പാടുകളോ മുറിവുകളോ ഇല്ലാത്തതാണ് ദുരൂഹതയുയർത്തുന്നത്.
അതുകൊണ്ടു തന്നെ എങ്ങനെയാണ് പശുവിന്റെ ദേഹത്ത് പേവിഷബാധയേറ്റതെന്ന അന്വേഷണമാണ് ജില്ലാ മൃഗസംരക്ഷണ ഓഫിസർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തുന്നത്. പശു കുടിക്കുന്ന വെള്ളം പേപ്പട്ടി നക്കുകയോ, പുല്ലിൽ പേപ്പട്ടിയുടെ സ്രവമുള്ളതായോ സംശയിക്കുന്നുണ്ട്. വെറ്റിനറി ഡോക്ടർമാരുടെ പ്രത്യേക ടീമാണ് ഇതു സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നത്.
ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേ ഇളകിയത്. ഇന്ന് രാവിലെയോടു കൂടി പശു ചത്തു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ലെന്നാണ് വീട്ടുകാരും പറയുന്നത്. ഡോക്ടർമാർ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് ഫയർഫോഴ്സ് എത്തി മരത്തിൽ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ പശു അസ്വസ്ഥകൾ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കെട്ടിയിട്ടതു കൊണ്ട് തന്നെ അധികം പ്രദേശങ്ങളിൽ ഒന്നും പശു പോയിരുന്നില്ല.
കണ്ണൂർ കോർപറേഷൻമേയർ ഉൾപ്പെടെയുള്ള ആളുകൾ സ്ഥലത്തെത്തി. സുരക്ഷിതമായിത്തന്നെ പശുവിനെ മറവ് ചെയ്യാൻ നിർദ്ദേശം നൽകി. പശുവുമായി പ്രത്യക്ഷമായോ പരോക്ഷമായോ സമ്പർക്കം പുലർത്തിയവർ ജില്ലാ ആശുപത്രിയിൽ നിന്നും കുത്തിവെയ്പ്പെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്

