കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എൻ.എസ്.എസ്. സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി

ന്യൂഡൽഹി: എയ്‌ഡഡ്‌ ഹോമിയോ മെഡിക്കൽ കോളേജിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിൽ സമ്പൂർണ്ണ അധികാരത്തിനായി എൻ.എസ്.എസ്. നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എയ്‌ഡഡ്‌ ഹോമിയോ മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തിലെ സർക്കാർ ഇടപെടലിന് വഴി ഒരുക്കുന്ന നിയമ ഭേദഗതിക്കെതിരേയായിരുന്നു എൻ.എസ്.എസ്. ഹർജി നൽകിയത്. കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയിലെ 2 (പി) വകുപ്പ് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കൊഹ്‌ലി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

2017ൽ പാസാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്താണ് എൻ.എസ്.എസ്. സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എയ്‌ഡഡ്‌ കോളേജുകളേയും, അൺ എയ്‌ഡഡ്‌ കോളേജുകളേയും ഒരു പോലെ കാണാൻ കഴിയില്ലെന്ന് ആയിരുന്നു എൻ.എസ്.എസ്. വാദം. എന്നാൽ ഈ വാദം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാർ ആയില്ല.എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയും, സചിവോത്തപുരം എൻ.എസ്.എസ്. ഹോമിയോ കോളേജിന്റെ ചെയർമാനുമായ ജി. സുകുമാരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത്. കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയിലെ 2 (പി) വകുപ്പ് ചോദ്യം ചെയ്താണ് എൻ.എസ്.എസ്. സുപ്രീം കോടതിയെ സമീപിച്ചത്.

ഭേദഗതിപ്രകാരം പതിനഞ്ച് ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശത്തിന് സംസ്ഥാന ഫീസ് നിർണയ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ രേഖകളും മറ്റും പരിശോധിക്കാൻ സമിതിക്ക് അധികാരം ഉണ്ടായിരിക്കും. എന്നാൽ എയ്‌ഡഡ്‌ കോളേജുകളിലെ പതിനഞ്ച് ശതമാനം സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തിൽ തങ്ങൾക്ക് സമ്പൂർണ്ണ അധികാരം ഉണ്ടെന്നാണ് എൻ.എസ്.എസ്. വാദം. എയ്‌ഡഡ്‌ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിൽ നിയന്ത്രണം കൊണ്ട് വരുന്നത് ടിഎംഎ പൈ കേസിലെ വിധിയുടെ ലംഘനം ആണെന്നും എൻ.എസ്.എസിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

എൻ.എസ്.എസ്. നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സർക്കാർ പണം നൽകുന്ന എയ്‌ഡഡ്‌ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടി ക്രമങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് ആയിരുന്നു ഹൈക്കോടതി വിധി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →