ടീസ്റ്റ സെതല്‍വാദിന് ഇടക്കാലജാമ്യം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കലാപം അന്വേഷിക്കാന്‍ രൂപീകരിച്ച നാനാവതി കമ്മിഷനു മുമ്പാകെ, സാക്ഷികളുടെ വ്യാജമൊഴികള്‍ തയാറാക്കി സമര്‍പ്പിച്ചെന്ന കേസിലാണ് ജാമ്യം. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് ടീസ്റ്റ നല്‍കിയ ഹര്‍ജി ഗുജറാത്ത്‌ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ തീരുമാനമെടുക്കുംവരെ പാസ്പോര്‍ട്ട് വിചാരണക്കോടതിക്കു കൈമാറണമെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. രണ്ടു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന വനിതയെന്ന നിലയിലാണു ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ടീസ്റ്റയ്ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമല്ലെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. രണ്ടു മാസത്തിലേറെയായി ടീസ്റ്റ സെതല്‍വാദ് കസ്റ്റഡിയിലാണെന്നും ഇടക്കാല ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും അവര്‍ക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ടീസ്റ്റയുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ എഫ്.ഐ.ആറില്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഗൂഢാലോചന നടത്തിയെന്നു സ്ഥാപിക്കാന്‍ വ്യാജ തെളിവുണ്ടാക്കിയെന്ന കേസില്‍ കഴിഞ്ഞ ജൂണ്‍ 25-നാണ് ടീസ്റ്റയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഏഴു ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ടീസ്റ്റയെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →