മോസ്കോ ∙ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ ചെയർമാൻ റവിൽ മഗനോവ് (67) ആശുപത്രി ജനാലയിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്ന് സൂചനയുണ്ട്. ഗുരുതരരോഗത്തെ തുടർന്നാണ് മരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു. 1993 ൽ ലുക്കോയിലിൽ സേവനം ആരംഭിച്ച മഗനോവ് 2020 ൽ ചെയർമാനായി. സഹോദരൻ നെയ്ൽ മറ്റൊരു എണ്ണക്കമ്പനിയായ ടാറ്റ്നെഫ്റ്റിന്റെ തലവനാണ്.
യുക്രെയ്നിൽ റഷ്യ സൈനികമായി ഇടപെട്ടതിനെ തുടർന്ന് രാജ്യത്തെ എണ്ണക്കമ്പനി ഉന്നതരുടെ ദുരൂഹ മരണങ്ങൾ വർധിക്കുകയാണ്. ഏതാനും മാസങ്ങൾക്കിടെ പത്തോളം പേർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തു. യുക്രെയ്നിൽ നിന്ന് റഷ്യ പിന്മാറണമെന്ന് കഴിഞ്ഞ മാർച്ചിൽ ലുക്കോയിൽ ആവശ്യപ്പെട്ടിരുന്നു.
2022 ഫെബ്രുവരിയിൽ റഷ്യൻ സൈന്യം യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിന്റെ പിറ്റേന്ന് ഗാസ്പ്രോം എക്സിക്യൂട്ടീവ് അലക്സാണ്ടർ ട്യുലക്കോവ് സെന്റ് പീറ്റേഴ്സ്ബർഗിലെ ഗാരിഷിൽ മരിച്ച നിലയിൽ കാണപ്പെട്ടു. നൊവാടെക്കിന്റെ മുൻ ഉന്നതൻ സെർജി പ്രോട്ടോസെന്യയും ഭാര്യയും മകളും ഏപ്രിലിൽ സ്പെയിനിലെ വില്ലയിൽ മരിച്ചു. ലുക്കോയിൽ മാനേജർ അലക്സാണ്ടർ സുബോട്ടിൻ മോസ്കോയിലെ വീടിന്റെ ബേസ്മെന്റിൽ മരിച്ചുകിടക്കുന്നതായി കണ്ടത് മേയിലാണ്. ആ മാസം തന്നെ ഗാസ്പ്രോംബാങ്ക് മുൻ വൈസ് പ്രസിഡന്റ് വ്ലഡിസ്ലാവ് അവയേവ് വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടു