കാസര്‍കോട്-വയനാട് ഹരിത പവര്‍ ഹൈവേ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും മേഖലയിലെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉപകരിക്കുന്നതാണ് പദ്ധതി. അന്തര്‍ സംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കരിന്തളം കയിനിയിലെ 400 കെവി സബ് സ്റ്റേഷനില്‍ നിന്ന് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് ലൈന്‍ വലിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. കരിന്തളത്തു നിന്നുള്ള വൈദ്യുതി ലൈന്‍ വലിക്കലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ പുരോഗമിക്കുകയാണ്. അതോടൊപ്പം വയനാട്ടില്‍ നിന്നുള്ള ടവര്‍ ഫൌണ്ടേഷന്‍ പ്രവര്‍ത്തികളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ കരിന്തളം തോളേനിയില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.
മലബാറിലെ വൈദ്യുതി വിതരണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം കാസര്‍കോട് ജില്ലയിലെ പുനുരുത്പാദന ഊര്‍ജ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറച്ച് യഥാസമയം ലോഡ് സെന്ററില്‍ എത്തിക്കുന്നതിനുമാണ് നോര്‍ത്ത് ഗ്രീന്‍ കോറിഡോര്‍ 400 കെവി കരിന്തളം-പയ്യമ്പള്ളി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ എന്ന പേരില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. 125 കിലോമീറ്റര്‍ വൈദ്യുതി ലൈനാണ് കരിന്തളത്തുനിന്ന് വയനാട്ടിലേക്കുള്ളത്. ആകെ 380, 400 കെവി ടവറുകളാണ് പദ്ധതിക്ക് ആവശ്യമായി വരിക. വയനാട്ടില്‍ 200 എം.വി.എ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറാണ് സ്ഥാപിക്കുന്നത്. 180 മെഗാവാട്ട് പവറാണ് അവിടെ ഉപയോഗിക്കാന്‍ കഴിയുക. കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്- ശ്രീകണ്ഠാപുരം-ഇരിട്ടി- നെടുംപൊയില്‍ വഴിയാണ് വയനാട്ടിലെ പയ്യമ്പള്ളിയിലേക്ക് വൈദ്യുതി ലൈന്‍ പോകുന്നത്. കാസര്‍കോട് കണ്ണൂര്‍, വയനാട് ജില്ലകളിലെ എട്ടു നിയോജക മണ്ഡലങ്ങളിലൂടെയും മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും ലൈന്‍ കടന്നുപോകുന്നു. 436 കോടി രൂപയാണ് പദ്ധതിയുടെ ചിലവായി കണക്കാക്കുന്നത്. കെഎസ്ഇബിയുടെ തനതു ഫണ്ടില്‍ നിന്നാണ് വൈദ്യുതി ലൈനിനായുള്ള തുക അനുവദിച്ചിരിക്കുന്നത്. 36 മാസത്തിനകം വൈദ്യുതി ലൈനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. എല്‍ ആന്‍ഡ് ടി ക്ക് ആണ് പദ്ധതിയുടെ നിര്‍മാണ ചുമതല.
കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസം കൂടാതെ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായാണ് ഹരിത പവര്‍ ഹൈവേ. ഏകദേശം 10,000 കോടി രൂപയുടെ ജോലികളാണ് ട്രാന്‍സ്ഗിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്നത്. 400 കെവി, 220 കെവി നിലവാരത്തിലുള്ള പ്രസരണ ശൃംഖല കേരളത്തിലുടനീളം സ്ഥാപിച്ച് പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും പുഗളൂര്‍- മാടക്കത്തറ 2000 എച്ച്.വി.ഡി.സി ലൈന്‍ യാഥാര്‍ത്ഥ്യമായതോടെ ലഭ്യമായ വൈദ്യുതിയുടെ പ്രസരണം സുഗമമായി നടത്തുന്നതിനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ പ്രസരണ ശൃംഖലയെ അന്തര്‍സംസ്ഥാന ലൈനുകളുമായി കൂടുതല്‍ ബന്ധിപ്പിച്ച് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ആസൂത്രണ നിലവാരമനുസരിച്ച് അടുത്ത 25 വര്‍ഷത്തേക്കാവശ്യമായ പ്രസരണ ശൃംഖല സംസ്ഥാനത്ത് നിര്‍മിക്കുന്നതിനും ട്രാന്‍സ്ഗ്രിഡ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതുവരെ 400 കെവിയുടെ 178 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനും, 220 കെ.വി യുടെ 566 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനും, 110 കെവി 653 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനും പൂര്‍ത്തീകരിച്ചു. ഈ ലൈനുകളുമായി ബന്ധപ്പെട്ട് എട്ട് പുതിയ 220 കെവി സബ്‌സ്റ്റേഷനുകളും ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.

