കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ആകാശദൂരം ബഫർ സോണായി പ്രഖ്യാപിച്ച നടപടികൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേരള കർഷക അതിജീവന സംയുക്ത സമിതി (KKASS) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഫർ സോൺ പ്രതിഷേധ സമ്മേളനം നടത്തി.
പുന്നേക്കാട് സെന്റ്. ജോർജ് ഗെത് സിമോൻ പള്ളി പാരിഷ് ഹാളിൽ നടത്തിയ സമ്മേളനത്തിൽ സമിതി ജില്ല പ്രസിഡൻ്റ് അഡ്വ. ജോബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി ഫാ.തോമസ് ജെ. പറയിടം മുഖ്യ പ്രഭാഷണം നടത്തി.
പുന്നേക്കാട് പള്ളി വികാരി ഫാ.ജോസ് പരണായിൽ, ഫാ.മാത്യു മഞ്ഞക്കുന്നേൽ , ബ്ലോക് പഞ്ചായത്ത് മെമ്പർ ജയിംസ് കോറമ്പേൽ, എസ്. എൻ. ഡി പി യോഗം പ്രതിനിധി ദാസ് കാടായത്ത്, സമിതി സെക്രട്ടറി ജോമോൻ പാലക്കാടൻ, ട്രെഷറർ ജോർജ് ആറ്റുപുറം, പള്ളി ട്രസ്റ്റി കെ. ഡി. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ബഫർ സോൺ പ്രശ്നം പിൻവലിക്കുന്നതുവരെ ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ സമ്മേളനം തീരുമാനിച്ചു.
ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ഇഞ്ചത്തൊട്ടിയിലും പ്രതിഷേധ സമ്മേളനം നടത്തി. കീരമ്പാറ, ഞായപ്പിളളി, തട്ടേക്കാട്, കുട്ടമ്പുഴ, ഉരുളൻ തണ്ണി, പൂയംകുട്ടി പ്രദേശങ്ങളിലും സമരം ശക്തമാക്കുന്നതിന് തീരുമാനിച്ചു. കോതമംഗലം പട്ടണത്തിൽ വെച്ച് വിപുലമായ സമര പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.