ലോകായുക്ത നിയമഭേദഗതിയിൽ സിപിഐയുടെ നിർദേശങ്ങൾ അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സിപിഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തും. 23/08/2022 നിയമസഭയിൽ അവതരിപ്പിച്ച ശേഷം സബ്ജകട് കമ്മിറ്റിക്ക് വിട്ട ബില്ലിൽ ആണ് ഭേദഗതിക്ക് തീരുമാനമായത്. അതേസമയം സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷം ഭേദഗതിയെ ശക്തമായി എതിർത്തു.

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ തീരുമാനമെടുക്കാൻ നിയമസഭയെ അധികാരപ്പെടുത്തുന്നതാണ് സിപിഐ കൊണ്ടുവന്ന പുതിയ ഭേദഗതി. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രിക്ക് പുനപരിശോധന നടത്താം. എംഎൽഎമാർക്കെതിരെയുള്ള ഉത്തരവുകളിൽ സ്പീക്കർക്കാവും പുനപരിശോധന നടത്താൻ അധികാരം. ഉദ്യോഗസ്ഥർക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ സർവീസ് ചട്ട പ്രകാരം സർക്കാർ നടപടി തീരുമാനിക്കും. ജനപ്രതിനിധികൾ അല്ലാത്ത പൊതുപ്രവർത്തകർ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും ഭേദഗതിയിലുണ്ട്.

പുതിയ ഭേദഗതിയോടെ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ഇന്ന്(24.08.2022ന് ചേരുന്ന നിയമസഭയിൽ വയ്ക്കും. പ്രതിപക്ഷത്തിൻ്റെ വിയോജനക്കുറിപ്പോടെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ തിരിച്ചെത്തുക. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുസ്ലീം ലീഗ് കക്ഷിനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ പ്രതിനിധികൾ. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്നതാണ് നിയമഭേദഗതിയെന്ന വിമർശനത്തോടെയാണ് പ്രതിപക്ഷം ബില്ലിനോട് വിയോജിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →