ഓണത്തിന് മാറ്റുകൂട്ടാൻ വാഴൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ സ്വന്തം ഓണപ്പൂക്കളും. വാഴൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ചാമംപതാൽ- പൊൻകുന്നം റൂട്ടിലെ 10 സെന്റ് സ്ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ബന്ദിപ്പൂക്കളും വാടാമല്ലിയും വസന്തം വിരിക്കുന്നത്. വീട്ടമ്മയായ ഷീജ സലാമിന്റെ സ്ഥലത്താണ് പുഷ്പകൃഷി നടത്തിയത്. തൃശൂരിൽനിന്നു 600 ബന്ദിത്തൈകളും 100 വാടാമല്ലി തൈകളും വരുത്തിച്ച് പരീക്ഷണാടിസ്ഥാനത്തിൽ പുഷ്പകൃഷി ആരംഭിക്കുകയായിരുന്നു.
പ്രാഥമികചെലവുകൾക്കായി 8000 രൂപയോളം മുടക്കി. തൈകൾ രണ്ട് മാസം കൊണ്ട് പൂർണവളർച്ചയെത്തി പൂക്കൾ വിളവെടുപ്പിനു പാകമായി. പൂക്കൾക്കു വിപണി കണ്ടെത്തി നൽകാമെന്ന ഗ്രാമപഞ്ചായത്തിന്റെ ഉറപ്പിൽ ആരംഭിച്ച കൃഷി പരിപൂർണ വിജയമാവുകയായിരുന്നു. നിരവധി പേരാണ് പുഷ്പകൃഷി ആസ്വദിക്കുന്നതിനായി പ്രദേശത്ത് എത്തുന്നത്.