ന്യൂഡല്‍ഹി: ചൈനീസ് പൗരന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വായ്പാ തട്ടിപ്പ് സംഘത്തെക്കുറിച്ചു കൂടുതല്‍ ജാഗ്രതവേണമെന്ന് ഡല്‍ഹി പോലീസ്. ആറ് സംസ്ഥാനങ്ങളില്‍ നിന്നായി 500 കോടി രൂപയിലേറെ തട്ടിയെടുത്ത സംഘത്തിലെ ഇന്ത്യന്‍ പൗരന്മാരെ 20/08/2022 ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യു.പി. കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചവരാണ് പിടിയിലായത്. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ചൈന/ഹോങ്കോങ് പൗരന്മാര്ക്കായി അന്വേഷണം തുടരുകയാണ്.100 ലേറെ മൊെബെല്‍ ആപ്പുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇവയില്‍ ഏതാനും ആപ്പുകളുടെ പേര് പോലീസ് പുറത്തുവിട്ടു.ക്യാഷ് പോര്‍ട്ട്, റുപി വേ, ലോണ്‍ ക്യൂബ്, വൗ റുപ്പി, ജയന്റ് വാലറ്റ്, ഹായ് റുപ്പി, വാലറ്റ്്വിന്‍, ഫിഷ് ഹബ്, യേകാഷ്, ഐയാം ലോണ്‍, ഗ്രൗട്രീ, മാജിക് ബാലന്‍സ്, ഫോര്‍ച്യൂണ്‍ട്രീ, സൂപ്പര്‍കോയിന്‍, റെഡ് മാജിക് ,റെയ്സ് ക്യാഷ് ആപ്പ്, പിപി മണി, റുപ്പീസ് മാസ്റ്റര്‍, കാഷ് റേ, മൊബിപോക്കറ്റ്, പാപാ മണി, ഇന്‍ഫിനിറ്റി ക്യാഷ്, കെഡ്രിറ്റ് മാങ്ഗോ, ക്രെഡിറ്റ് മാര്‍വല്‍, സിബി ലോണ്‍, ക്യാഷ് അഡ്വാന്‍സ്, എച്ച്ഡിബി ലോണ്‍, ക്യാഷ് ട്രീ, റോ ലോണ്‍ എന്നീ ആപ്പുകളുടെ പേരുകളാണ് ഡല്‍ഹി പോലീസ് പുറത്തുവിട്ടത്.
18 ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നു ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.പി.എസ്. മല്‍ഹോത്ര അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച 22 പേരെ ഡല്‍ഹി പോലീസ് പിടികൂടിയത്.
പിടിയിലായവര്‍ എല്ലാം ഇന്ത്യക്കാരാണെങ്കിലും െചെനീസ് സംഘങ്ങളാണ് ആപ്പുകളെ നിയന്ത്രിക്കുന്നതെന്നും അവരുടെ തൊഴിലാളികളാണ് തങ്ങളെന്നും പിടിയിലായവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.ഹവാല, ക്രിപ്റ്റോ കറന്‍സി വഴിയാണ് ഇത്തരക്കാര്‍ പണം തട്ടിയെടുക്കുന്നതെന്ന് പോലീസ് അറിയിച്ചു. കേരളത്തിലടക്കം നിരവധി പേരാണ് വായ്പാ ആപ്പുകാരുടെ തട്ടിപ്പിന് ഇരയായത്. വലിയ രീതിയില്‍ പരാതികളും ഉയര്‍ന്നിരുന്നു.
ആപ്പുകള്‍ വഴിയാണ് മറ്റ് തെളിവുകളൊന്നും ആവശ്യപ്പെടാതെ പണം കടം നല്‍കുന്നത്. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ ഡേറ്റ ചോര്‍ത്താനുള്ള അനുമതിയും നേടിയെടുക്കും. പണം അടക്കുന്നത് ഒരു തവണ തെറ്റിയാല്‍ പോലും ചോര്‍ത്തിയെടുത്ത ഫോണിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഫോണിലുള്ള നമ്പറുകളിലേക്ക് വ്യക്തിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങളടക്കം അയച്ച് പ്രചരിപ്പിക്കുന്നതടക്കമാണ് വായ്പ ആപ്പുകാരുടെ രീതി. വിവിധ വ്യാജ നമ്പറുകളില്‍ നിന്നാണ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വിളികള്‍ വരുന്നത്. പിന്നീട് സ്വിച്ച് ഓഫ് ആവുകയും ചെയ്യും. അതുകൊണ്ടു തന്നെ ഫോണ്‍ നമ്പറിനെ ഫോളോ ചെയ്ത് അന്വേഷണം നടത്തുന്നതില്‍ പോലീസിന് പലപ്പോഴും തിരിച്ചടിയും നേരിടേണ്ടിയും വന്നിരുന്നു.

