വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയതിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് പരിഹസിച്ച് ഗവർണർ. കേരള സർവകലാശാലയ്ക്ക് പ്രമേയം പാസാക്കാനുള്ള അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികൾ നിർത്തിവയ്ക്കാൻ ആകില്ല. അതെന്റെ ചുമതലയാണെന്നും എപ്പോൾ വേണമെങ്കിലും സർവകലാശാല പ്രതിനിധിക്ക് നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

ഗവർണറുടെ നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നും കമ്മിറ്റിയെ പിൻവലിക്കണമെന്നുമാണ് കേരള സർവകലാശാല പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. വിസിയെ തെരഞ്ഞെടുക്കാൻ ഗവർണർ ധൃതിപിടിച്ച് സെർച്ച് കമ്മിറ്റിയുണ്ടാക്കിയെന്നാണ് സെനറ്റിലെ വിമർശനം. കമ്മറ്റി റദ്ദാക്കണമെന്ന് ചാൻസിലറോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പാസാക്കിയത്. സിപിഎം അംഗം ബാബുജാനാണ് ഗവർണർക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. സർവകലാശാല ചട്ടം 10-1 പ്രകാരം സെർച്ച് കമ്മിറ്റി നിയോഗിച്ച വിധം നിയമ വിരുദ്ധമാണെന്നാണ് കുറ്റപ്പെടുത്തൽ. യോഗത്തിൽ മൗനം പാലിച്ച വി സി വിപി മഹാദേവൻ പിള്ളയുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പച്ചത്. യുഡിഎഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചില്ല. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ സർവകലാശാല പ്രതിനിധിയെ നിയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.

സ്പെഷ്യൽ സെനറ്റ് യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളുടെ അജണ്ട വിസിയും സിണ്ടിക്കേറ്റും നേരത്തെ തയ്യാറാക്കണമെന്നാണ് ചട്ടം 13 പറയുന്നത്. അതേസമയം, സെപ്ഷ്യൽ സെനറ്റ് യോഗത്തിൽ അംഗം നേരിട്ട് പ്രമേയം അവതരിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. ദില്ലയിൽ നിന്നും ഗവർണ്ണർ തിരിച്ചെത്തിയാൽ നടപടിക്ക് സാധ്യതയുണ്ട്. കേരള സർവവ്വകലാശാലയിൽ സെർച്ച് കമ്മിറ്റി രൂപീകരണം ചട്ടപ്രകാരമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു.

സർവകലാശാല ഇനി സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ലെന്ന് ഉറപ്പായി. ബാക്കിയുള്ള രണ്ട് പേരെ വെച്ച് വിസി നിയമനവുമായി ഗവർണ്ണർ മുന്നോട്ട് പോകാനാണ് സാധ്യത. 2022ഒക്ടോബറിലാണ് വിസിയുടെ കാലാവധി തീരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →