ആലപ്പുഴ : കണ്ടെയ്നർ മാതൃകയിലുള്ള സംഭരണ സംസ്കരണ വിപണന കേന്ദ്രമായ സമൃദ്ധി നാട്ടു പീടികയുടെ സംസ്ഥാനതല ഉദ്ഘാടനം വെട്ടയ്ക്കല്‍ കാര്‍ഷിക സഹകരണ ബാങ്ക് അങ്കണത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
ഇത്തരം 32 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കാർഷികോല്പന്നങ്ങളുടെ സംഭരണം, വിപണനം, മൂല്യവർധിത ഉല്പന്നങ്ങളുടെ സംസ്കരണം എന്നിവയ്ക്കായി ഈ സാമ്പത്തിക വർഷം 100 കോടി രൂപയാണ് കൃഷി വകുപ്പ് മാറ്റി വച്ചിട്ടുള്ളത്.
ഓരോ കൃഷിഭവൻ പരിധിയിൽ നിന്നും ഒരു മൂല്യവർധിത ഉല്പന്നം വീതമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൃഷി നടത്തുന്നതിനൊപ്പം കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനുമുള്ള സംവിധാനങ്ങളും കൃഷിവകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം ഉത്പന്നങ്ങള്‍ വാങ്ങുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും വേണം.
കൃഷിവകുപ്പിൻ്റെ 50 ശതമാനം ധനസഹായത്തോടെ വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്കാണ് ആദ്യ കേന്ദ്രം നടത്തുന്നത്. കെ.എല്‍.ഡി.സിയുടെ ചുമതലയിൽ നിര്‍മാണം പൂർത്തിയാക്കിയ സമൃദ്ധി നാട്ടുപീടികയുടെ നടത്തിപ്പു ചുമതല ഹോർട്ടി കോർപ്പിനാണ്.
ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന കെ.എല്‍.ഡി.സി ചെയർമാൻ പി.വി സത്യനേശൻ നിർവ്വഹിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത ഷാജി, പട്ടണക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് സുജിത ദിലീപ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ.ജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ജയപാൽ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയപ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ സാബു , അർച്ചന ഷൈൻ, പഞ്ചായത്തംഗം കെ. ഡി ജയരാജ് , ഹോർട്ടി കോർപ്പ് മാനേജിംഗ് ഡയറ്ക്ടര് ജെ. സജീവ്, കെ.എല്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.എസ് രാജീവ് , കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ.സുനിൽകുമാർ , പ്രിൻസിപ്പൽ കൃഷി ഓഫി സർ സിബി ടി. നീണ്ടിശ്ശേരി ആത്മ പ്രൊജക്ട് ഡയറക്ടർ അനിതകുമാരി , സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എസ്. ജോസി, വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.ഡി.ബിജു മുതിർന്ന കർഷക പ്രതിനിധി ചെറിയ തയ്യിൽ പി.എം. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.