ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ നിലപാടു തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മ്യാന്മറില് നിന്നുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ ഫ്ലാറ്റുകളും പോലീസ് സംരക്ഷണവും നല്‍കുമെന്നായിരുന്നു മന്ത്രി ട്വീറ്റ് ചെയ്തത്. എന്നാല്‍, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫ്ലാറ്റുകള്‍ നല്കാന് തീരുമാനിച്ചിട്ടില്ലെന്നും റോഹിന്‍ഗ്യകളെ തിരിച്ചയയ്ക്കാന്‍ നടപടി തുടങ്ങിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.അഭയം തേടിയവരെ ഇന്ത്യ എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഡല്‍ഹി ബക്കര്‍വാലയില്‍ ഫ്ലാറ്റ് നല്‍കും. അടിസ്ഥാന സൗകര്യങ്ങളും തിരിച്ചറിയല്‍ കാര്‍ഡുകളും ഡല്‍ഹി പോലീസിന്റെ സുരക്ഷയും നല്‍കും”- എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
ഇതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയത്. ഡല്‍ഹിയിലെ ബക്കര്‍വാലയില്‍ റോഹിന്‍ഗ്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഫ്ലാറ്റുകള്‍ നല്കാന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. അതേസമയം, ഹര്‍ദീപ് സിങ് പുരിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. അദ്ദേഹത്തിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്നു വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് പറഞ്ഞു. ഈ വര്‍ഷമാദ്യം ഡല്‍ഹിയില്‍ 1,100 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണുണ്ടായിരുന്നത്. രാജ്യത്താകെ 17,000 പേരും. ഇവരില്‍ 2,000 പേര് ബംഗ്ലാദേശിലേക്കു കടന്നതായാണു റിപ്പോര്‍ട്ട്. 10 ലക്ഷത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണു ബംഗ്ലാദേശിലുള്ളത്.

