പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവം; പ്രതിചേർക്കപ്പെട്ട പോലീസുകാർക്ക് മുൻകൂർ ജാമ്യം

കോഴിക്കോട് : വടകര സ്വദേശി സജീവൻ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാർക്ക് മുൻകൂർ ജാമ്യം കിട്ടിയത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നാണ് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി പറഞ്ഞത്. പൊലീസുകാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. ഇതോടെ പൊലീസുകാരെ ചോദ്യം ചെയ്യാനുള്ള നീക്കം അടഞ്ഞു. അന്വേഷണവും മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതിയായി.

സജീവന്റെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾ മരണ കാരണമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. സജീവന്റെ രോഗത്തെക്കുറിച്ച് പ്രതികളായ പൊലീസുകാർക്ക് അറിവുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അഴിമതിക്കെതിരെ എസ്ഐ നിജീഷ് സ്വീകരിച്ച നിലപാട് രാഷ്ട്രീയ വൈരാഗ്യത്തിനും കേസിനും ഇടയാക്കിയെന്ന വാദവും കോടതി മുഖവിലയ്ക്കെടുത്തിരുന്നു.

വടകര സ്വദേശി സജീവൻ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാർക്ക് 16/08/22 ചൊവ്വാഴ്ചയാണ് ഓഫീസർ പ്രജീഷ്, സസ്പെൻഷനിലുളള എഎസ് ഐ അരുൺ, സിപിഒ ഗിരീഷ് എന്നിവർക്കും കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

എസ് ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിലാണ്. ഹൃദയാഘാതം മൂലമാണ് സജീവന്റെ മരണമെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. 2022 ജൂലൈ മാസം 21 നായിരുന്നു വടകര പൊലീസ് വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവൻ കുഴഞ്ഞുവീണ് മരിച്ചത്. കസ്റ്റഡി മരണമെന്ന ആരോപണത്തെ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു.

2022ജൂലൈമാസം 21 ന് 11.30 ഓടെ വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ പൊലീസെത്തി സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.

മര്‍ദനമേറ്റതിന് പിന്നാലെ തനിക്ക് ന‍െഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കാതെ സ്റ്റേഷന്‍ നടപടികളുമായി മുന്നോട്ട് പോയി. നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പൊലീസുകാരുടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയില്‍ സജീവനെ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →