ന്യൂഡല്‍ഹി: ലിംഗസമത്വമാണ് ഐക്യത്തിന്റെ നിര്‍ണായക മാനദണ്ഡമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജനതയുടെ വാക്കിലും പ്രവൃത്തിയിലും എങ്ങനെയൊക്കെയോ സ്ത്രീവിരുദ്ധത കടന്നുകൂടിയിട്ടുണ്ട്. ഇത് പൂര്‍ണമായി ഇല്ലാതാക്കണം. ഇതിനായി പ്രതിജ്ഞയെടുക്കാം. വീടുകളില്‍ മകനും മകളും തുല്യരാകുമ്പോഴാണ് ഐക്യത്തിന്റെ വേരുകള്‍ പാകുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ വനിതകളെയും അദ്ദേഹം അനുസ്മരിച്ചു.സാമൂഹിക മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരധര്‍മം പാലിക്കുന്നതില്‍ പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ല. അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. വെറുപ്പുണ്ടെങ്കിലും അഴിമതിക്കാരോട് സമൂഹം താല്‍പര്യം കാണിക്കുന്നു. അഴിമതിക്കാരോട് വിട്ടുവീഴ്ച പാടില്ല.രാജ്യത്തെ സംബന്ധിച്ച് അടുത്ത 25 വര്‍ഷം അതിപ്രധാനമാണ്. ഈ കാലയളവിലേക്കുള്ള അഞ്ചിന പരിപാടി പ്രധാനമന്ത്രി മുന്നോട്ടു വച്ചു. ഇന്ത്യയുടെ വികസനത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുക, എല്ലാവിധ അടിമത്വവും ചെറുക്കുക, രാജ്യത്തിന്റെ പരാമ്പര്യത്തില്‍ അഭിമാനം കൊള്ളുക, രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കുക, പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും എല്ലാ നേതാക്കളും പൗരന്മാരും ഈ രാജ്യത്തിന്റെ പൗരന്മാര്‍ എന്ന നിലയില്‍ കടമകള്‍ പാലിക്കുക തുടങ്ങിയവയാണ് അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍.

