ഗ്രേസ് ഗ്രേഡ് വിവാദം:നടപടി ആരംഭിച്ചെന്ന് സംസ്‌കൃത സര്‍വകലാശാല

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഗ്രേസ് ഗ്രേഡുമായി ബന്ധപ്പെട്ട പരാതികളില്‍ തുടര്‍നടപടികള്‍ ആരംഭിച്ചു. ഗ്രേസ് ഗ്രേഡുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളിലെയും തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാനും ആരോപിതയായ വിദ്യാര്‍ഥിയുടെ മാര്‍ക്ക് ലിസ്റ്റിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടതായി സര്‍വകലാശാല വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഗ്രേസ് ഗ്രേഡ് നല്‍കിയതില്‍ പരാതി ഉന്നയിച്ച ഒരു വിദ്യാര്‍ഥി, താന്‍ പരാതിയില്‍ ഒപ്പ് വച്ചിട്ടില്ല എന്നും രണ്ടു വിദ്യാര്‍ഥികള്‍ തെറ്റിദ്ധരിച്ചാണ് പരാതിയില്‍ ഒപ്പിട്ടതെന്നും സര്‍വകലശാലയെ അറിയിച്ചിട്ടുണ്ട്. പരാതിയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും സര്‍വകലാശാല അറിയിച്ചു. ഗ്രേസ് ഗ്രേഡുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ഥികള്‍ പരാതി നല്‍കിയപ്പോള്‍ത്തന്നെ പ്രാഥമിക അന്വേഷണം നടത്തി. സര്‍വകലാശാലയില്‍ സൂക്ഷിച്ചിട്ടുള്ള റിസല്‍ട്ട് രജിസ്റ്ററിലെ പേരുകള്‍ പരിശോധിച്ചാണ് ഗ്രേസ് ഗ്രേഡ് അനുവദിക്കുന്നതെന്നും സര്‍വകലാശാല അധികൃതര്‍ വിശദീകരിച്ചു. ആരോപിതയായ വിദ്യാര്‍ഥിയുടെ പേര് റിസല്‍ട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →