പാഠ്യപദ്ധതി പരിഷ്‌കരണം : ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് ധാർമിക സമൂഹ സൃഷ്ടിക്ക് അനിവാര്യമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാർ

തേഞ്ഞിപ്പാലം: പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച്‌ എസ്‌സിഇആർടി പുറത്തിറക്കിയ സമൂഹ ചർച്ചക്കായുള്ള കരട് രേഖയിലെ നിർദ്ദേശങ്ങൾ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്നതാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.ജെൻഡർ പൊളിറ്റിക്‌സും, പാഠ്യപദ്ധതി പരിഷ്‌ക്കരണവും എന്ന വിഷയത്തിലായിരുന്നു സെമിനാർ. നമ്മുടെ കുടുംബ സംവിധാനങ്ങളിലും,സാംസ്‌കാരിക മേഖലയിലും കുത്തഴിഞ്ഞ ജീവിതരീതി കടന്നു വരാൻ കാരണമാകുന്ന ഈ നിർദ്ദേശങ്ങൾക്കെതിരെ മത രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ ആശയ പ്രതിരോധത്തിന് തയ്യാറാകണമെന്നും സെമിനാർ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കുന്നതിലൂടെ നടക്കുന്നത് ജെൻഡർ ന്യൂട്രാലിറ്റി കരിക്കുലത്തിൽ കൊണ്ടുവരാനുള്ള നീക്കമാണ്. ലിബറൽ ചിന്താഗതിക്കാരുടെ ഒളിയജണ്ടകൾ നടപ്പാക്കാനുള്ള വേദിയായി വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.

ഇത്രയും കാലം നമ്മുടെ നാട്ടിൽ നിലനിന്ന് പോന്ന ആൺ പെൺ കാഴ്ചപ്പാടിൽ വലിയ വ്യത്യാസമുണ്ടാകാൻ പോകുന്ന പ്രക്രിയയാണ് നടക്കാൻ പോകുന്നതെന്നും ഇത് നേരിട്ട് കുട്ടികളിലേക്ക് പാഠപുസ്തകത്തിലൂടെയും ക്ലാസ് മുറികളിലൂടെ പ്രായോഗികമായും നടപ്പാകുന്നതോടെ പാശ്ചാത്യൻ സംസ്‌കാരത്തിലേക്ക് നാം പറിച്ച്‌ മാറ്റപ്പെടുകയാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

ജൻഡർ ന്യൂട്രാലിറ്റി പാശ്ചാത്യൻ നാടുകളിൽ ജൻഡർ ഡിസ്‌ഫോറിയയിലേക്ക് വഴിമാറിയതിന്റെ പേരിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച്‌ പഠനം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കുടുംബ സംവിധാനത്തെ ബാധിക്കുന്ന ഏതൊരു നീക്കവും കുത്തഴിഞ്ഞ ധാർമിക രംഗത്തിന് കളമൊരുക്കും. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റത്തിന് പാഠപുസ്തകങ്ങൾ കാരണമാകരുത്. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് ധാർമിക സമൂഹ സൃഷ്ടിക്ക് അനിവാര്യമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി സെമിനാർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി അധ്യക്ഷത വഹിച്ചു. മുൻ പിഎസ്‌സി മെമ്ബർ ആർ എസ് പണിക്കർ, മുൻ സിൻഡിക്കേറ്റ് അംഗം ഡോ: വി.പി അബ്ദുൽ ഹമീദ് മാസ്റ്റർ. വിസ്ഡം ഹെൽത്ത് സംസ്ഥാന സെക്രട്ടറി പി.എം ശാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.

പാഠ്യപദ്ധതി പരിഷ്‌കരണം ഒളിയജണ്ടകൾ, ലൈംഗിക വിദ്യാഭ്യാസവും ഉദാരലൈംഗികതയും, സ്ത്രീ പുരുഷദ്വന്ദ്വവും ജീവിതവിശുദ്ധിയും , ആറാം നൂറ്റാണ്ടും പുരോഗമന ചർച്ചയും , സ്വതന്ത്രവാദം സമൂഹത്തെ പാകപ്പെടുത്തുമ്ബോൾ , മുതലാളിത്ത ചതിക്കുഴിയും കമ്യൂണിസവും എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ.അബ്ദുല്ലാ ബാസിൽ സിപി, ടി.കെ അശ്റഫ്,ഹാരിസ് ബ്നുസലിം,റഷീദ് കുട്ടമ്പൂർ,മുജീബ് മദനി ഒട്ടുമ്മൽതുടങ്ങിയവർ പ്രബന്ധങ്ങൽ അവതരിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →