തൃശ്ശൂർ: 2020 മെയ് 5 ന് ജോസഫ് പോൾ എന്ന വ്യക്തിക്ക് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ ശസ്ത്രക്രിയ ഉപകരണം വയറിൽ കുരുങ്ങി. സ്വകാര്യാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറിൽ കുരുങ്ങിയ കാര്യം രോഗി മനസിലാക്കിയത്. തുടർന്ന് സ്വകാര്യാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു.
അതേതുടർന്ന് കണിമംഗലം സ്വദേശി ഓട്ടോറിക്ഷാ തൊഴിലാളിയായ ജോസഫ് പോൾ മനുഷ്യവകാശ കമ്മീഷന് നൽകിയ പരാതിയിൽ തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മിഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. ഡോക്ടറുടെ അനാസ്ഥയും അശ്രദ്ധയും കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാർക്കെതിരെ തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് ക്രൈം 540/2020 നമ്പറായി കേസെടുത്തിട്ടുണ്ട്. തുടർന്ന് ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി.
ഇതിനു ശേഷം ഡോ. എം എ. ആൻഡ്രൂസ് ചെയർമാനായി ഒരു മെഡിക്കൽ ബോർഡിന് രൂപം നൽകി. മെഡിക്കൽ ബോർഡും ഡോക്ടർമാരുടെ ഭാഗത്ത് കുറ്റം കണ്ടെത്തി. എന്നാൽ നഴ്സുമാരുടെ അനാസ്ഥ കാരണമാണ്സംഭവമുണ്ടായതെന്ന് ഉത്തരവാദികളായ ഡോക്ടർമാർ കമ്മിഷനെ അറിയിച്ചു, ശസ്ത്രക്രിയയിൽ പങ്കെടുത്ത ഒരു നേഴ്സ് അഞ്ചുവർഷത്തെ ശൂന്യവേതന അവധിയെടുത്തതായും രണ്ടാമത്തെയാൾ സ്ഥാപനം വിട്ടുപോയതായും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. നഴ്സുമാരുടെ സ്ഥിരം മേൽവിലാസം അറിയില്ലെന്ന ആശുപത്രി സൂപ്രണ്ടിന്റെ പ്രസ്താവന കമ്മിഷൻ തള്ളി.
സംഭവത്തിൽ ചികിത്സാ പിഴവുണ്ടായതായി കമ്മിഷൻ കണ്ടെത്തി. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോ. പോളി ജോസഫ്, ഡോ. അർഷാദ്, ഡോ. പി. ആർ. ബിജു, നഴ്സുമാരായ മുഹ്സിന, ജിസ്മി വർഗ്ഗീസ് എന്നിവരും കുറ്റക്കാരാണെന്ന് കമ്മിഷൻ കണ്ടെത്തി. ഇവരിൽ നിന്നും മൂന്ന് ലക്ഷം രൂപ ഈടാക്കാനാണ് ഉത്തരവ്. ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് തുക പരാതിക്കാരന് കൈമാറേണ്ടത്