ജസ്റ്റിസ് യു.യു. ലളിത് സുപ്രീംകോടതി അടുത്ത ചീഫ് ജസ്റ്റിസായി 27ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് യു.യു. ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. ഇത് സംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. ആഗസ്റ്റ് 27 നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്‍.വി. രമണ 26 ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ മൂന്നു മാസത്തില്‍ താഴെ മാത്രമാണ് ജസ്റ്റിസ് ലളിതിനുള്ളത്. ഈ വര്‍ഷം നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. 65 വയസാണു സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം. സീനിയര്‍ അഡ്വക്കേറ്റ് ആയിരിക്കുമ്പോള്‍ 2014 ആഗസ്റ്റ് 13 നു നേരിട്ടാണ് അദ്ദേഹത്തെ സുപ്രീംകോടതിലേക്ക് നിയോഗിച്ചത്. സുപ്രീംകോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് അദ്ദേഹം. ജസ്റ്റിസ് എസ്.എം. സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. 1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 1985 വരെ ബോംെബെ െഹെക്കോടതില്‍ അഭിഭാഷകനായിരുന്നു. 1986 ഡല്‍ഹിയിലേക്കു പ്രാക്ടീസ് മാറ്റി. 2 ജി സ്പെക്ട്രം കേസില്‍ സി.ബി.ഐയുടെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, മുത്തലാഖ് കേസുകളില്‍ വിധി പറഞ്ഞ ജഡ്ജിമാരിലൊരാളാണു ജസ്റ്റിസ് ലളിത്. അയോധ്യ കേസ് ബെഞ്ചില്‍ അംഗമായിരുന്നെങ്കിലും പിന്നീട് പിന്‍വാങ്ങി.

Share
അഭിപ്രായം എഴുതാം