ഓണവിപണി ലക്ഷ്യമിട്ട് എടവനക്കാട് ഗ്രാമപഞ്ചായത്ത്

അര ഏക്കറിൽ ചെണ്ടുമല്ലി കൃഷിയുമായി 30 കർഷകർ

ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി വൈപ്പിൻ ബ്ലോക്കിലെ എടവനക്കാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 30 കർഷകരാണ് അര ഏക്കറോളം ഭൂമിയിൽ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പ് പൂർത്തിയാക്കാനാണ് കർഷകർ ലക്ഷ്യമിടുന്നത്.

അത്തത്തിനു പൂക്കൾ പഞ്ചായത്തിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഓണക്കാലത്തെ പൂക്കളത്തിലെ താരമായ ചെണ്ടുമല്ലി, ദൂരെ ദേശങ്ങളില്‍ നിന്നാണ് എത്തുന്നത്. ഇതിന് പരിഹാരമായാണ് പൂകൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കർഷകരെ സംഘടിപ്പിച്ച് ഗ്രാമപഞ്ചായത്ത് ഇക്കുറി രംഗത്ത് ഇറങ്ങിയത്.

കർഷകർക്ക് പരിശീലനവുമായി കൃഷിഭവൻ ഉദ്യോഗസ്ഥരും മുന്നിൽ നിന്നു. കൂടാതെ നല്ലയിനം ഹൈബ്രിഡ് തൈകളും ജൈവ വളവും സബ്‌സിഡി നിരക്കിൽ നൽകി. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് ചെണ്ടുമല്ലി തൈകളും വളവും കൃഷിഭവൻ നൽകിയത്. 5500 ചെണ്ടുമല്ലി തൈകളാണ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് കൃഷിഭവൻ നൽകിയത്. ജൂണിലാണ് എല്ലാവരും കൃഷി ആരംഭിച്ചത്.

പഞ്ചായത്തിലെ അനിഷ സുജേഷ് വട്ടത്തേരിയുടെ 20 സെൻ്റിലെ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് അസീന  അബ്ദുൾസലാം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ വിളവെടുപ്പ് നടക്കും. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പ് പൂർത്തിയാക്കി മുഴുവൻ ചെണ്ടുമല്ലിയും വിപണിയിൽ എത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →