തിരുവനന്തപുരം: സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ സിപിഎം ജില്ലാ ഘടകത്തെ പാർട്ടി ചുമതലപ്പെടുത്തി. മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാർട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വവും നേരത്തെ രംഗത്ത് എത്തിയിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റും മേയറെ തള്ളിപ്പറയുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജില്ലാ നേതൃത്വം ഇനി സ്വീകരിക്കാനുള്ള നടപടി എന്താവും എന്നതിലാണ് ആകാംഷ. ഇതുസംബന്ധിച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഇറക്കിയ പ്രസ്താവനയിൽ കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ന്നും ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.ഐ.(എം )എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണെന്നും പറഞ്ഞു. ഇത് സി.പി.ഐ.എം. ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല .അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.ഐ. (എം ) തീരുമാനിച്ചു.
‘ബാലഗോകുലത്തിന്റെ ചടങ്ങിൽ മേയർ പങ്കെടുത്തത് വിവാദമാക്കുന്നവർ സങ്കുചിത മനസുള്ളവർ ‘ ബി ജെ പിബാലഗോകുലത്തിൻറെ പരിപാടിയിൽ കോഴിക്കോട് മേയർ പങ്കെടുത്തത് വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ രംഗത്ത് വന്നു. മേയർക്ക് പൂർണ പിന്തുണ.മേയർ പങ്കെടുത്തത് വിവാദമാക്കുന്നവർ സങ്കുചിത മനസുള്ളവരാണ്.ഇത് അപകടകരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് നയിക്കും .നഗരപിതാവ് എന്ന നിലയിലാണ് അവരെ ക്ഷണിച്ചത് .വ്യത്യസ്ഥ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ സംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.സിപിഎമ്മും അതിനെ എതിർക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

